ഉയർന്ന ശമ്പളവും സുരക്ഷിതമായ ഔദ്യോഗിക ജീവിതവും ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് ചുവടുവെച്ച യുവാവിന്റെ ജീവിതാനുഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ടിയർ-1 കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം 45 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം പുതിയ സംരംഭങ്ങൾക്ക് തുടക്കമിട്ടത്.
എന്നാൽ രണ്ട് സ്റ്റാർട്ടപ്പുകൾ പരാജയപ്പെട്ടതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക സമ്മർദ്ദത്തിലേക്കും ഈ യുവാവ് എത്തിച്ചേരുകയായിരുന്നു. തന്റെ ദുരനുഭവം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെ ഇദ്ദേഹം പങ്കുവെച്ചു.
“കഴിഞ്ഞ വർഷം, എന്റെ സ്വപ്നം പിന്തുടരാൻ ഉയർന്ന ശമ്പളമുള്ള ജോലി ഞാൻ ഉപേക്ഷിച്ചു. ഞാൻ രണ്ട് കമ്പനികൾ തുടങ്ങി.
രണ്ടും പരാജയപ്പെട്ടു,” എന്ന് അദ്ദേഹം കുറിക്കുന്നു. നിലവിൽ തന്റെ സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ട
അവസ്ഥയിലാണെന്നും, അഭിമാനത്തോടെ എടുത്തു കാണിക്കാൻ യാതൊരു നേട്ടങ്ങളും ഇല്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു. സാമ്പത്തിക നഷ്ടത്തേക്കാൾ ഉപരിയായി തന്റെ ആത്മവിശ്വാസം തകർന്നതാണ് ഏറ്റവും വലിയ വേദനയെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.
“യാത്രയ്ക്കിടയിൽ എപ്പോഴോ ഞാൻ എന്നിൽ വിശ്വസിക്കുന്നത് നിർത്തി. ഞാൻ ശരിക്കും കഠിനാധ്വാനം ചെയ്തിട്ടുണ്ടോയെന്ന് പോലും എനിക്ക് സംശയമായി,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപജീവനത്തിനായി വീണ്ടും തൊഴിൽ മേഖലയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടയിലും, അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് യുവാവ് തുറന്നു പറയുന്നു. “ഇന്റർവ്യൂകൾക്കായി തയ്യാറെടുക്കുമ്പോൾ, ‘എന്നെപ്പോലൊരാളെ എന്തിനാണ് ഒരു കമ്പനി ജോലിക്ക് എടുക്കുന്നത്?’ എന്ന ചിന്ത എന്നെ തളർത്തുന്നു,” എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
അതേസമയം, സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ഇദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമാനമായ പ്രതിസന്ധികളിലൂടെ കടന്നുപോയ നിരവധി പേർ അദ്ദേഹത്തിന് ആശ്വാസവാക്കുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
“ഞാനും സമാനമായ അവസ്ഥയിലൂടെ കടന്നുപോയതാണ്. ടിയർ-1 കോളേജിൽ നിന്ന് ബിരുദം നേടി ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്റ്റാർട്ടപ്പ് തുടങ്ങി.
കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നില്ല, അത് ലോകം അവസാനിച്ചത് പോലെ തോന്നിയിരുന്നു. എന്നാൽ വിശ്വസിക്കൂ, കാര്യങ്ങൾ ശരിയാകും,” എന്ന് ഒരാൾ കുറിച്ചു.
പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും, മിക്ക ബിസിനസ്സുകളും ഇത്തരത്തിൽ പ്രാരംഭഘട്ടത്തിൽ പ്രതിസന്ധികൾ നേരിടാറുണ്ടെന്നും മറുപടി കമന്റുകളിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

