പതിറ്റാണ്ടുകളായി പ്രവർത്തനം നിലച്ച കൽക്കട്ട സ്റ്റോക്ക് എക്സ്ചേഞ്ച് (സിഎസ്ഇ) പുനരുജ്ജീവിപ്പിക്കുമെന്ന് ബംഗാൾ ധനമന്ത്രി ഡോ.
സ്വപൻ ദാസ്ഗുപ്ത പ്രഖ്യാപിച്ചു. ഈ മാസം 22-ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രഖ്യാപനത്തിന് പിന്നാലെ അൺലിസ്റ്റഡ് വിപണിയിൽ സിഎസ്ഇ ഓഹരികൾ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. ജൂൺ 21-ന് 1500 രൂപയായിരുന്ന ഓഹരി വില ഇപ്പോൾ 1800 രൂപ പിന്നിട്ടു.
ചില പ്ലാറ്റ്ഫോമുകളിൽ വില 2000 രൂപയും കടന്നു. 1923-ൽ പ്രവർത്തനം ആരംഭിച്ച സിഎസ്ഇ, നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് 2013 ഏപ്രിൽ മുതൽ സെബിയുടെ വിലക്കിലാണ്.
അക്കാലയളവിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) സാങ്കേതികമായി വൻ വളർച്ച കൈവരിക്കുകയും ചെയ്തു. സ്ഥാപനം എന്നന്നേക്കുമായി അടച്ചുപൂട്ടാൻ 2025 ഫെബ്രുവരിയിൽ പ്രമോട്ടർമാർ സെബിക്ക് വോളന്ററി എക്സിറ്റ് അപേക്ഷ നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സെബി വാല്യൂവറെ നിശ്ചയിച്ചെങ്കിലും തുടർ നടപടികൾ ഒരിടത്തും എത്തിയിരുന്നില്ല. എന്നാൽ ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തോടെ, നൽകിയ അപേക്ഷ പിൻവലിക്കാൻ പ്രമോട്ടർമാർ തയ്യാറെടുക്കുകയാണ്.
എങ്കിലും, സിഎസ്ഇയുടെ മടങ്ങിവരവ് അത്ര എളുപ്പമായിരിക്കില്ല. സെബിയുടെ മാനദണ്ഡപ്രകാരം ചുരുങ്ങിയത് 100 കോടി രൂപയുടെ നെറ്റ് വർത്ത് ഉറപ്പാക്കേണ്ടതുണ്ട്.
കൂടാതെ, അത്യാധുനിക ട്രേഡിങ് പ്ലാറ്റ്ഫോമുകൾ, സുരക്ഷാ ക്രമീകരണങ്ങൾ, യോഗ്യരായ ജീവനക്കാരുടെ നിയമനം തുടങ്ങിയ കടമ്പകൾ ഇനിയും ബാക്കിയാണ്. കൊൽക്കത്തയെ രാജ്യത്തിന്റെ ധനകാര്യ തലസ്ഥാനമായി തിരിച്ചുകൊണ്ടുവരികയും, കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ ലിസ്റ്റിങ് സൗകര്യമൊരുക്കി തൊഴിലവസരങ്ങൾ വർധിപ്പിക്കുകയുമാണ് ഈ തീരുമാനത്തിന് പിന്നിലെ ലക്ഷ്യമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

