ചേർത്തല നഗരസഭ 23-ാം വാർഡിൽ ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. കരുവയിൽ വെളിയിൽ ജയരാജൻ (58 – വൈസ്രോയി കുട്ടൻ) ആണ് മരണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മകൻ ഹരികൃഷ്ണനെ ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മനപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് വീട്ടിൽ തർക്കവും സംഘർഷവും ഉണ്ടായത്. തർക്കത്തിനിടെ കുഴഞ്ഞുവീണ ജയരാജനെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടിലുണ്ടായിരുന്നവർ തയ്യാറായില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പിന്നീട്, മാറിത്താമസിച്ചിരുന്ന മൂത്ത മകൻ ശ്രീജിത്ത് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ജയരാജനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹത്തിൽ മുറിവുകളും മർദനമേറ്റ പാടുകളും കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിന് വിവരം കൈമാറുകയായിരുന്നു. പച്ചക്കറി കടയിലെ തൊഴിലാളിയായ ജയരാജൻ മക്കളുടെ സ്വഭാവദൂഷ്യത്തെ ചോദ്യം ചെയ്യാറുണ്ടായിരുന്നുവെന്നും, ഇത് പതിവ് വഴക്കുകൾക്ക് കാരണമായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം.
സംഭവം നടന്ന് മണിക്കൂറുകൾ വൈകി മാത്രം ആശുപത്രിയിൽ എത്തിച്ചതിലെ ദുരൂഹത കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജയരാജന്റെ ഭാര്യ ശ്രീകല, ഇരട്ടമക്കളായ യദുകൃഷ്ണൻ, ഹരികൃഷ്ണൻ എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

