ഉത്തർപ്രദേശിൽ മുൻ എംഎൽഎയും സമാജ്വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ എന്ന ഗുഡ്ഡു പണ്ഡിറ്റ് ഭാര്യയെ അതിക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തന്റെ മൂന്നാമത്തെ ഭാര്യയായ അർച്ചന പണ്ഡിറ്റിനെ മുടിയിൽ പിടിച്ച് തറയിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
യുവതിയെ ചൂൽ കൊണ്ട് അടിക്കുന്നതും മർദനമേറ്റ് നിലവിളിക്കുന്നതും വിഡിയോയിലുണ്ട്. ബുലന്ദ്ഷഹറിലെ അർച്ചനയുടെ വീട്ടിൽ വെച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 2 ന് നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. തുടർന്ന് തന്റെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അർച്ചന ശിക്കാർപുർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
മുൻ എംഎൽഎ നേരിട്ട് വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചതായി അവർ പരാതിയിൽ ആരോപിക്കുന്നു. കൂടാതെ, വീടിന് സുരക്ഷയ്ക്കായി വനിതാ പൊലീസിനെ നിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
മകൻ സമർ പണ്ഡിറ്റിനൊപ്പം ചെലവഴിച്ചുകൊണ്ടിരിക്കെ വാതിൽ ബലമായി തള്ളിത്തുറന്നാണ് ഗുഡ്ഡു പണ്ഡിറ്റ് വസതിയിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന് യാതൊരു ദയവുമില്ലാതെ മർദനം അഴിച്ചുവിടുകയായിരുന്നു.
ഈ അക്രമണ ദൃശ്യങ്ങൾ വീട്ടിലെ ജോലിക്കാരിയാണ് തന്റെ മൊബൈൽ ഫോണിൽ പകർത്തിയത്. ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഗുഡ്ഡു പണ്ഡിറ്റ് മർദനം അവസാനിപ്പിക്കാൻ തയ്യാറായത്.
സംഭവസ്ഥലത്തുനിന്നും ധൃതിയിൽ ഇറങ്ങി ഓടിയതുകൊണ്ട് മാത്രമാണ് തനിക്ക് ജീവൻ തിരിച്ചുകിട്ടിയതെന്ന് അർച്ചന പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. വിവാഹമോചന കേസ് എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തന്നെ ക്രൂരമായി മർദിച്ചതെന്നും അവർ വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ട് വർഷമായി ഈ ദമ്പതികൾ തമ്മിലുള്ള വിവാഹമോചന കേസിന്റെ നടപടിക്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ രംഗത്ത് നിരവധി പാർട്ടി മാറ്റങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് ഗുഡ്ഡു പണ്ഡിറ്റ്.
2007 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി ടിക്കറ്റിലാണ് ദിബായ് മണ്ഡലത്തിൽ നിന്നും അദ്ദേഹം ആദ്യമായി ഉത്തർപ്രദേശ് നിയമസഭയിലെത്തിയത്. തുടർന്ന് 2012 ൽ സമാജ്വാദി പാർട്ടിയിലൂടെ വീണ്ടും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു.
2017 ൽ ഭാരതീയ ജനതാ പാർട്ടി ടിക്കറ്റിനായി ശ്രമിച്ചെങ്കിലും പാർട്ടി അത് പരിഗണിച്ചിരുന്നില്ല. തുടർന്ന് രാഷ്ട്രീയ ലോക് ദൾ സ്ഥാനാർത്ഥിയായി ബുലന്ദ്ഷഹർ സദർ സീറ്റിൽ ജനവിധി തേടിയെങ്കിലും ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയാണുണ്ടായത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർത്ഥിയായും അദ്ദേഹം മത്സരിച്ച് പരാജമടഞ്ഞിരുന്നു. പിന്നീട് 2022 ൽ ശിവസേനയിലും 2023 ൽ വീണ്ടും സമാജ്വാദി പാർട്ടിയിലും അദ്ദേഹം ചേർന്നു പ്രവർത്തിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

