തിയറ്ററുകളിൽ ഈ വർഷത്തെ ഓണം ആഘോഷമാക്കിയ നിവിൻ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി പ്രദർശനം ആരംഭിച്ചു. മികച്ച പ്രതികരണമാണ് രണ്ട് ഇതരഭാഷാ പതിപ്പുകൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനിടയിലാണ് ചിത്രത്തിലെ തെലുങ്ക് ജൂക്ക്ബോക്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് വിഷ്ണു വിജയ് ആണ്.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം മമിത ബൈജു കൂടി എത്തിയതോടെ തിയറ്ററുകളിൽ വൻ വിജയമായി മാറി. ഗിരീഷ് എ ഡിയുടെ കരിയറിലെ ഏറ്റവും കൂടുതൽ അഭിനേതാക്കൾ അണിനിരന്ന ചിത്രം കൂടിയാണിത്.
നിവിൻ പോളിയുടെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രം എന്ന നേട്ടവും ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സ്വന്തമാക്കിയിട്ടുണ്ട്. ഓണത്തിന് ഒരാഴ്ച മുൻപ് ഓഗസ്റ്റ് 21 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുൻനിര സംവിധായകനായി മാറിയ ആളാണ് ഗിരീഷ് എ ഡി. മലയാളത്തിലെ പ്രമുഖ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്.
സൂപ്പർ ഹിറ്റായ ‘പ്രേമലു’വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.
ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം തുടങ്ങിയ വിവിധ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ എടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

