ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് കാമുകിയെ കുത്തിക്കൊലപ്പെടുത്തി. അഞ്ജലി (23) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതിയായ രാജീവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
പ്രതിയും കൊല്ലപ്പെട്ട യുവതിയും നേരത്തെ സഹപ്രവർത്തകരായിരുന്നു.
ഇരുവരും തമ്മിൽ നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് യുവതിയുടെ വീട്ടുകാർ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു.
വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ബന്ധം തുടർന്നുവെങ്കിലും, അടുത്തിടെയായി അഞ്ജലി ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം അഞ്ജലിയെ അത്താഴത്തിനായി പുറത്തേക്ക് ക്ഷണിച്ചുവരുത്തിയ രാജീവ്, അവിടെവെച്ച് വീണ്ടും വിവാഹാഭ്യർത്ഥന നടത്തി.
എന്നാൽ അഞ്ജലി ഇത് കർശനമായി നിരസിച്ചതോടെ പ്രകോപിതനായ രാജീവ്, കരുതിവെച്ചിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അക്രമി അഞ്ജലിയെ ക്രൂരമായി ആക്രമിച്ചത്.
കുത്തേറ്റ് വീണ അഞ്ജലിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഹാലക്ഷ്മി ലേഔട്ട് പൊലീസ് പ്രതിയെ പരിസരത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

