ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടയിൽ, മേഖലയിൽ സമ്മർദ്ദം ശക്തമാക്കി യുഎസും ഇറാനും. വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് വിളിച്ചുചേർത്ത ഉന്നതതല യോഗം തീരുമാനങ്ങളൊന്നുമില്ലാതെ പിരിഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് രൂക്ഷമായത്.
ഇറാൻ ഒന്നുകിൽ കരാറൊപ്പിടണം അല്ലെങ്കിൽ യുദ്ധ വിഭാഗത്തെ നേരിടണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചു. “ഇറാൻ ഞങ്ങളുടെ വഴിക്ക് വരുകയാണ്.
ചർച്ചകൾ നന്നായിരുന്നു. എന്നാൽ ഇറാൻ കരാറൊപ്പിടുകയോ അല്ലെങ്കിൽ ഞങ്ങളുടെ യുദ്ധവിഭാഗത്തെ നേരിടുകയോ വേണം” എന്ന് അദ്ദേഹം വ്യക്തമാക്കി.
ചർച്ചകൾക്ക് മുൻപ് ഹോർമുസ് കടലിടുക്കിലെ സാഹചര്യം മെച്ചപ്പെടുമെന്ന സൂചന ഡോണൾഡ് ട്രംപ് നൽകിയിരുന്നുവെങ്കിലും, സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കാനോ ഹോർമുസ് തുറന്നുകൊടുക്കാനോ ഇറാൻ തയ്യാറായിട്ടില്ല. ലബനനിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന പുതിയ നിബന്ധന കൂടി ഇറാൻ മുന്നോട്ടുവെച്ചതായാണ് വിവരം.
അതിനിടെ, ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം നിയമനിർമാണത്തിലൂടെ സ്വന്തമാക്കാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച കരട് നിയമം വോട്ടിനിട്ട് പാസാക്കാനുള്ള തിരക്കിട്ട
നീക്കത്തിലാണ് ടെഹ്റാൻ. ഇതിനിടയിൽ, ഒമാൻ തീരത്ത് ആശങ്ക പരത്തിക്കൊണ്ട് ഒമാൻ മാരിടൈം സുരക്ഷാവിഭാഗം സുപ്രധാന മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
“ഒമാന്റെ പരിധിയിൽ വരുന്ന ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറു ഭാഗത്ത് മൈനുകളാണെന്ന് കരുതുന്ന വസ്തുക്കൾ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ നാവികർ, മത്സ്യത്തൊഴിലാളികൾ, കപ്പലുകൾ എന്നിവ അതീവ ജാഗ്രത പുലർത്തണമെന്ന് അഭ്യർഥിക്കുന്നു.
സംശയം തോന്നുന്ന വസ്തുക്കളിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുകയും വേണം” എന്ന് അവർ ഔദ്യോഗികമായി അറിയിച്ചു.
മറുവശത്ത്, ഉപരോധം ലംഘിച്ച് ഇറാൻ തുറമുഖത്തേക്ക് നീങ്ങിയ ഗാംബിയൻ പതാക വഹിച്ച ‘ലിയാൻ സ്റ്റാർ’ എന്ന ചരക്കുകപ്പൽ യുഎസ് സേന പിടിച്ചെടുത്തു. മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്ന് ആക്രമണം നടത്തി കപ്പൽ തകർക്കുകയായിരുന്നുവെന്ന് യുഎസ് വ്യക്തമാക്കി.
നിലവിൽ ഇത്തരത്തിൽ ആറ് കപ്പലുകളാണ് യുഎസ് തടഞ്ഞുവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

