ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) നടത്തുന്ന സർവകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജിയുടെ തുടര്‍ പരീക്ഷ വീണ്ടും സാങ്കേതിക തകരാറുകളിൽ അകപ്പെട്ടു. നിശ്ചയിച്ച സമയക്രമം അനുസരിച്ച് പരീക്ഷ ആരംഭിക്കാൻ സാധിക്കാത്തത് വിദ്യാർഥികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കി.
പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള ടി സി എസ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് തടസ്സങ്ങൾക്ക് കാരണമെന്ന് എൻ ടി എ ഔദ്യോഗിക വിശദീകരണം നൽകി. നിലവിൽ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
പരീക്ഷാ കേന്ദ്രങ്ങളിൽ സമയം വൈകി ആരംഭിച്ച വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷ എഴുതാൻ അനുമതി നൽകിയിട്ടുണ്ട്. ഉച്ചയ്ക്കുള്ള സെഷന്റെ സമയം പുനഃക്രമീകരിച്ച്, നേരത്തെ 3:00 മണിക്ക് നിശ്ചയിച്ചിരുന്ന പരീക്ഷ വൈകുന്നേരം 4:00 മണിക്കാണ് ആരംഭിച്ചത്.
എൻ ടി എയ്ക്കെതിരായ വിമർശനം
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, സി ബി എസ് ഇ പ്ലസ്ടു ഫലപ്രഖ്യാപനത്തിലെ പിഴവുകൾ എന്നിവയ്ക്ക് പിന്നാലെ ബിരുദ പ്രവേശന പരീക്ഷയിലും സാങ്കേതിക തടസ്സങ്ങൾ നേരിട്ടത് കേന്ദ്ര ഏജൻസിക്കെതിരായ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ദേശീയതലത്തിലുള്ള പരീക്ഷാ നടത്തിപ്പുകൾ അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
സാങ്കേതിക തകരാറുകൾ കാരണം 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാക്കൾ, കേന്ദ്ര സർക്കാരും എൻ ടി എയും ഇതിന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

