തിരുവനന്തപുരം നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങി. മരണം കൊലപാതകമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
പനവൂരിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പഴയ മുറിപ്പാടുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
തലയിലേറ്റ ഗുരുതരമായ പരുക്കിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞു. കുട്ടിയ്ക്ക് നേരെ തുടർച്ചയായി ക്രൂരമായ മർദനം നടന്നിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
സംഭവത്തിൽ കുട്ടിയുടെ അമ്മ അഖില, രണ്ടനച്ഛൻ അഷ്കർ (31) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം ഭക്ഷണ പദാർത്ഥം തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് അഷ്കർ പോലീസിന് നൽകിയ മൊഴി.
എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇയാളുടെ വാദത്തെ തള്ളിക്കളയുന്നതാണ്. സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ഇരുവരെയും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

