തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരനായ അർഷിദ് എന്ന കുട്ടിയുടെ മരണത്തിൽ ഗുരുതരമായ ദുരൂഹതകളുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കുട്ടി മരിച്ചത് തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണെന്നായിരുന്നു രണ്ടാനച്ഛനായ അഷ്കർ നൽകിയ മൊഴി.
എന്നാൽ, മൃതദേഹത്തിൽ കണ്ടെത്തിയ പാടുകൾ ദുരൂഹത വർദ്ധിപ്പിക്കുകയാണെന്ന് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാർ ആരോപിക്കുന്നു. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടെന്നും, അത് സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന് സമാനമാണെന്നും മുത്തച്ഛൻ വെളിപ്പെടുത്തി.
കുട്ടിയുടെ അമ്മ അഖിലയുടെ പങ്കാളിയായ അഷ്കർ നിരന്തരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. സുനിൽകുമാർ അഖിലയുടെ ആദ്യ ഭർത്താവിന്റെ പിതാവാണ്.
ഇന്നലെയാണ് കുഞ്ഞിനെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്നാരോപിച്ച് അഷ്കർ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
തുടർന്ന് നടന്ന ഇൻക്വസ്റ്റ് നടപടികളിൽ കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അഷ്കറിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

