ചൈനയുടെ മരുഭൂമി മേഖലയിൽ വിപുലമായ സൈനിക സമുച്ചയങ്ങളുടെ നിർമാണം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റോയിട്ടേഴ്സ് പുറത്തുവിട്ട
ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ. പുതുതായി നിർമിക്കുന്ന എൺപതിലധികം കേന്ദ്രങ്ങൾ ഈ സമുച്ചയത്തിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
കിഴക്കൻ ഷിൻജിയാങ്ങിലെ ഹാമിക്കടുത്തായി സ്ഥിതി ചെയ്യുന്ന അഷ്ടഭുജാകൃതിയിലുള്ള രണ്ട് പ്രധാന സമുച്ചയങ്ങളെ കേന്ദ്രീകരിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഹാമിയിലെ ആണവ മിസൈൽ സംഭരണ കേന്ദ്രങ്ങൾക്ക് തെക്ക്-പടിഞ്ഞാറ് ഭാഗത്തായാണ് ഇവയുടെ സ്ഥാനം.
ഹാമിയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെ ഒന്നാമത്തെയും, 230 കിലോമീറ്റർ അകലെ രണ്ടാമത്തെയും സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നു. ഉപഗ്രഹ ചിത്രങ്ങളിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം, ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങൾക്കും കമാൻഡ് പ്രവർത്തനങ്ങൾക്കുമായി പ്രത്യേക സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
സൈനികർക്ക് താമസിക്കുന്നതിനായുള്ള സൗകര്യങ്ങളും വലിയ വാഹനങ്ങളും സമുച്ചയ പരിസരത്തുണ്ട്. കൂടാതെ സായുധ ബങ്കറുകളും ആയുധ സംഭരണശാലകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലും മേയിലുമായി ഇവിടെ സൈനിക അഭ്യാസങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ നിർമാണങ്ങളെ സംബന്ധിച്ച് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആദ്യഘട്ടത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്ന നയമാണ് ചൈന പിന്തുടരുന്നത്. എങ്കിലും, തായ്വാൻ വിഷയത്തിൽ വിദേശ രാജ്യങ്ങളുടെ ഇടപെടലുകൾ തടയുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ പ്രയോഗിക്കാൻ ചൈന തയാറായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
തായ്വാൻ വിഷയത്തിൽ അനാവശ്യമായ ഇടപെടലുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മുൻപ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

