അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ബ്രസീലിയൻ ഫുട്ബോൾ ആരാധകർക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപനം. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പിന്തുണയ്ക്കുന്ന സ്പോർട്സ് മീഡിയ സ്ഥാപനമായ ‘കാസെ ടിവി’ ആണ് യൂട്യൂബിലൂടെ മത്സരം സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.
ബ്രസീലിയൻ സ്പോർട്സ് മീഡിയ കമ്പനിയായ ‘ലൈവ് മോഡിൽ’ ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ വൻ നിക്ഷേപം നടത്തിയിരുന്നു. ഈ കമ്പനിയുമായി സഹകരിച്ചാണ് കാസെ ടിവി ലോകകപ്പ് സ്ട്രീമിങ് ഒരുക്കുന്നത്.
2022-ൽ പ്രമുഖ ബ്രസീലിയൻ യൂട്യൂബറും സ്ട്രീമറുമായ കാസിമിറോ മിഗേൽ ‘ലൈവ് മോഡുമായി’ ചേർന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. 104 മത്സരങ്ങളും 4K ദൃശ്യ മികവോടെ സൗജന്യമായി ലഭ്യമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മത്സരങ്ങൾക്കപ്പുറം ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ, പ്രത്യേക പരിപാടികൾ, യുവതലമുറയെ ലക്ഷ്യമിട്ടുള്ള ഇൻ്റാക്ടീവ് സെഷനുകൾ എന്നിവയും കാസെ ടിവിയിൽ ഉൾപ്പെടുത്തും. ബ്രസീലിലെ ആരാധകർക്ക് ഈ സൗകര്യം ലഭ്യമാണെങ്കിലും ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഇത് നേരിട്ട് ആസ്വദിക്കാൻ സാധിക്കില്ല.
ബ്രസീലിന് മാത്രമായാണ് ‘ലൈവ് മോഡ്’ ഫിഫയിൽ നിന്ന് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. അതിനാൽ ഇന്ത്യയിലിരുന്ന് യൂട്യൂബിലോ ട്വിച്ചിലോ ഈ ചാനലിലൂടെ തത്സമയ സംപ്രേഷണം കാണാൻ കഴിയില്ല.
ഇന്ത്യയിലെ സംപ്രേഷണ അവകാശം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, പ്രമുഖ മാധ്യമ ശൃംഖലയായ സീ ഗ്രൂപ്പ് ഇതിനായി ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഏകദേശം 30 മുതൽ 35 മില്യൺ യുഎസ് ഡോളർ (ഏകദേശം 250-290 കോടി രൂപ) മുടക്കിയാണ് സീ ഗ്രൂപ്പ് രംഗത്തുള്ളത്.
കായിക സംപ്രേഷണ രംഗത്തേക്ക് തിരിച്ചുവരുന്നതിൻ്റെ ഭാഗമായി ‘യുണൈറ്റ് 8 സ്പോർട്സ്’ (Unite8 Sports) എന്ന പേരിൽ നാല് പുതിയ സ്പോർട്സ് ചാനലുകളും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. കരാർ യാഥാർത്ഥ്യമായാൽ സീ ടെലിവിഷൻ ചാനലുകളിലൂടെയും സീ5 ഒടിടി ആപ്പിലൂടെയും മത്സരങ്ങൾ തത്സമയം കാണാം.
നേരത്തെ റിലയൻസ്-ഡിസ്നി സഖ്യം ഈ ലേലത്തിൽ നിന്ന് പിന്മാറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

