ദുബായിൽ പാർക്കിംഗ് ഏരിയയിൽ നിന്ന് ലഭിച്ച 1,00,000 ദിർഹം (ഏകദേശം 22.7 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) യാതൊരു മടിയും കൂടാതെ അധികൃതരെ ഏൽപ്പിച്ചാണ് മുഹമ്മദ് അലി ഷേരക്കൽ മോഹി എന്ന ഇന്ത്യൻ യുവാവ് ശ്രദ്ധേയനായത്. മാതൃകാപരമായ ഈ സത്യസന്ധതയെ മുൻനിർത്തി ദുബായ് പോലീസ് യുവാവിനെ പ്രത്യേകമായി ആദരിച്ചു.
സംഭവം നടന്നത് ഇങ്ങനെ: ഒരു ഷിപ്പിംഗ് ബിസിനസ് ഉടമ ബാങ്കിൽ നിന്ന് 2,00,000 ദിർഹം പിൻവലിച്ച് കവറിലാക്കി കൊണ്ടുപോകുന്നതിനിടെ, കവർ സുരക്ഷിതമല്ലാത്തതിനാൽ അതിൽ നിന്ന് 1,00,000 ദിർഹം പാർക്കിംഗ് സ്ഥലത്ത് വീഴുകയായിരുന്നു. ഇതറിയാതെ അദ്ദേഹം വാഹനവുമായി മടങ്ങി.
പിന്നീട് ആ സ്ഥലത്തെത്തിയ മുഹമ്മദ് അലി പണം കണ്ടെത്തുകയും, ഉടൻ തന്നെ തെളിവുകൾ സഹിതം അൽ റഫ പോലീസ് സ്റ്റേഷനിൽ എത്തി പണം കൈമാറുകയും ചെയ്തു. വിവരം ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥർക്ക് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ സാധിച്ചു.
തന്റെ പണം നഷ്ടപ്പെട്ട വിവരം പോലീസിൽ നിന്നാണ് ബിസിനസ്സുകാരൻ ആദ്യമായി അറിയുന്നത്.
തുടർന്ന് സ്റ്റേഷനിൽ എത്തി പണം തിരികെ ഏറ്റുവാങ്ങിയ അദ്ദേഹം, തുക സുരക്ഷിതമായി തിരികെ ലഭിക്കാൻ സഹായിച്ച മുഹമ്മദ് അലി ഉൾപ്പെടെയുള്ളവർക്ക് നന്ദി അറിയിച്ചു. അൽ റഫ പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ, ഡെപ്യൂട്ടി കേണൽ സാലിഹ് ഹസ്സൻ അൽ മർസൂഖി, കസ്റ്റമർ ഹാപ്പിനസ് സെക്ഷൻ ഹെഡ് ക്യാപ്റ്റൻ അലി ഹാജി അൽ ബലൂഷി എന്നിവർ ചേർന്നാണ് മുഹമ്മദ് അലിയെ ആദരിച്ചത്.
യുഎഇ സമൂഹത്തിന്റെ സുരക്ഷിതത്വത്തിന്റെയും ഉയർന്ന സദ്ഗുണങ്ങളുടെയും മികച്ച ഉദാഹരണമാണ് ഈ യുവാവിന്റെ പ്രവർത്തി എന്ന് കേണൽ ബിൻ ഹുദൈബ പ്രശംസിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

