ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭൗതികശരീരം സംസ്കരിക്കുന്നതിനുള്ള വിപുലമായ ഔദ്യോഗിക ചടങ്ങുകൾക്കായുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് നീണ്ടുപോയ ചടങ്ങുകൾ, വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട
അനുകൂല സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇപ്പോൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എങ്കിലും, സംസ്കാര ചടങ്ങുകൾ എന്നായിരിക്കും നടക്കുക എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.
വിവിധ ഏജൻസികൾ ഇതിനായുള്ള ആസൂത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നടത്തിവരികയാണെന്ന് സ്റ്റേറ്റ് ടിവി അറിയിച്ചു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആദ്യഘട്ട
ആക്രമണങ്ങളിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയിക്ക് പരുക്കേറ്റിരുന്നു.
അധികാരത്തിലേറിയ ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണത്തിൽ ഖമനയിയുടെ മകൾ സഹ്ദ ഹദ്ദാദ് ആദിൽ, ഭർത്താവ് മിസ്ബാഹ് അൽ ഹുദ ബഗേരി, ഇവരുടെ മകൻ എന്നിവരും കൊല്ലപ്പെട്ടു.
ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിനിടെ ഓഫിസ് സമുച്ചയത്തിനുനേരെയുണ്ടായ ആക്രമണത്തിൽ ഇറാൻ പ്രതിരോധമന്ത്രി അസീസ് നസീർസാദ, സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ അബ്ദുൽ റഹീം മൂസവി, സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ, 1989 മുതൽ മിലിറ്ററി ബ്യൂറോ തലവനായ മുഹമ്മദ് ഷിറാസി എന്നിവരും മരണപ്പെട്ടിരുന്നു. 1981 മുതൽ എട്ടു വർഷക്കാലം ഇറാൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഖമനയി.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നൽകിയ ആയത്തുല്ല ഖുമൈനിയുടെ വിയോഗത്തെത്തുടർന്ന്, 1989ലാണ് അദ്ദേഹം ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റത്.

