കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി മമത ബാനർജി. 226ലധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ജനനിയുടെയും ജന്മഭൂമിയുടെയും ജനത്തിൻ്റെയും (മാ മതി മാനുഷ്) സർക്കാർ രൂപീകരിക്കുമെന്നാണ് മമത ബാനർജിയുടെ പ്രതികരണം. ബുധനാഴ്ച വൈകുന്നേരം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിയും ടിഎംസിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചതിനിടെയാണ് മമത ബാനർജിയുടെ വീഡിയോ സന്ദേശം.
എക്സിറ്റ് പോളുകൾ ബിജെപിയുടെ ഓഫീസിൽനിന്നാണ് വരുന്നതെന്നും മമത ബാനർജി കുറ്റപ്പെടുത്തി. ടിഎംസി പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ കണക്കുകൾ.
ബിജെപി അവസാന കളി കളിച്ചു. യഥാർഥ കണക്കുകൾ പുറത്തുവന്നിരുന്നെങ്കിൽ ഓഹരി വിപണികൾ തകരുമായിരുന്നു.
ആളുകൾ ഒരുമിച്ച് നിൽക്കണം, എണ്ണുന്നത് സൂക്ഷ്മമായി നിരീക്ഷിക്കണം. രാത്രി മുഴുവൻ ഉണർന്നിരിക്കണം.
ആവശ്യമെങ്കിൽ ഇവിഎം സ്ട്രോങ് റൂമുകൾക്ക് കാവൽ നിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ബംഗാളിൽ രണ്ടുഘട്ടങ്ങളായി നടന്ന വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നത്.
എക്സിറ്റി പോളുകളിൽ ഭൂരിഭാഗവും ബിജെപി മുന്നേറ്റം നടത്തുമെന്നാണ് പ്രവചിക്കുന്നത്. ഏജൻസികളിൽ ഒന്ന് ടിഎംസി മികച്ച വിജയം നേടുമെന്നും പ്രവചിക്കുന്നുണ്ട്.
ബംഗാളിൽ ടിഎംസിയും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നാണ് പോൾസ് ഓഫ് പോൾസിൻ്റെ പ്രവചനം. ഇരുപാർട്ടികൾക്കും 145 സീറ്റുകൾ വീതവും മറ്റുള്ളവർക്ക് നാല് സീറ്റുകളുമാണ് നൽകുന്നത്.
പശ്ചിമ ബംഗാൾ ഇതുവരെ ഭരിക്കാത്ത ബിജെപി ഇക്കുറി അധികാരം പിടിക്കുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ്, മട്രിസ്, പി-മാർക്ക് എന്നീ സർവേകളുടെ പ്രവചനം. ഇവർ 130 മുതൽ 175 സീറ്റുകൾ വരെയാണ് ബിജെപിക്ക് നൽകുന്നത്.
മേൽപറഞ്ഞ ഏജൻസികൾ തൃണമൂൽ കോൺഗ്രസിന് 140ന് അപ്പുറത്തേക്ക് സീറ്റുകൾ പ്രവചിക്കുന്നില്ല. അതേസമയം ടിഎംസിയും ബിജെപിയും തമ്മിൽ കടുത്ത മത്സരം പ്രവചിക്കുന്ന ജെവിസി, ബിജെപിക്ക് മേൽക്കൈ നൽകുന്നുണ്ട്.
ബംഗളിലെ 294 സീറ്റുകളിലേക്ക് രണ്ടുഘട്ടമായി നടന്ന വോട്ടെടുപ്പിൽ യഥാക്രമം 90, 92 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

