ഇന്നത്തെ കാലത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ഫണ്ട് ആകർഷിക്കാൻ സാധിക്കുമെന്ന് സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് സിഇഒ മനോജ് രവി വ്യക്തമാക്കി. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ബിസിനസ് സമ്മിറ്റിൽ ‘എംഎസ്എംഇകൾക്കുള്ള ഫണ്ടിങ് വഴികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂതന ആശയങ്ങൾ ഇല്ലാതെ പരമ്പരാഗത ബിസിനസുകൾക്ക് ഇന്ന് നിലനിൽക്കാനാവില്ലെന്നും, ബിസിനസിന്റെ വളർച്ചയിലെ നിർണായക ഘടകമാണ് ഫണ്ടിങ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തിൽ പലിശരഹിത വായ്പകളും ഈടില്ലാത്ത വായ്പകളും ലഭ്യമാണ്.
എന്നാൽ, ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകർ ചില പ്രത്യേക മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. ‘‘സുപ്രയിൽ പ്രതിദിനം നിരവധി ബിസിനസ് വായ്പാ അപേക്ഷകൾ ലഭിക്കാറുണ്ട്.
എന്നാൽ, അതിൽ 3 മുതൽ 5 ശതമാനം വരെ അപേക്ഷകൾക്ക് മാത്രമേ അംഗീകാരം നൽകാൻ സാധിക്കാറുള്ളൂ, അതായത്, ഏകദേശം 97 ശതമാനം അപേക്ഷകളും നിരസിക്കപ്പെടുന്നു. ഫണ്ടിങ് നേടുന്നതിന് ആവശ്യമായ അടിസ്ഥാന അറിവുകളുടെ കുറവാണ് ഇത്രയധികം അപേക്ഷകൾ നിരസിക്കാനുള്ള പ്രധാന കാരണം’’ – മനോജ് രവി വ്യക്തമാക്കി.
സംരംഭകരുടെ ഫണ്ടിങ് യാത്ര
മറ്റുള്ളവരിൽ നിന്ന് സഹായം തേടുന്നതിന് മുൻപ്, ബിസിനസിലുള്ള നിങ്ങളുടെ സ്വന്തം പ്രതിബദ്ധത തെളിയിക്കാൻ ആദ്യം സ്വന്തം പണം നിക്ഷേപിക്കേണ്ടതാണ്. പ്രാരംഭ ഘട്ട
ബിസിനസുകൾക്കായി ഗ്രാന്റുകളും ഇൻകുബേഷൻ ഫണ്ടുകളും ലഭ്യമാണ്. സാങ്കേതിക വികസന ഘട്ടങ്ങളിൽ ഇക്വിറ്റി ഗ്രാന്റുകൾ സംരംഭകർക്ക് പ്രയോജനപ്പെടുത്താം.
യന്ത്രസാമഗ്രികളും ഉപകരണങ്ങളും വാങ്ങുന്നതിനായി ടേം ലോണുകൾ ഉപയോഗിക്കാവുന്നതാണ്. ദൈനംദിന പ്രവർത്തനങ്ങൾക്കും ഇൻവെന്ററി വാങ്ങലിനും വർക്കിങ് ക്യാപിറ്റൽ ലോണുകൾ ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹ്രസ്വകാല പണം ഉപയോഗിച്ച് ദീർഘകാല ആസ്തികൾക്ക് ഫണ്ട് നൽകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉദാഹരണത്തിന്, യന്ത്രങ്ങൾ വാങ്ങാൻ പ്രവർത്തന മൂലധനത്തെ മാത്രം ആശ്രയിക്കാതെ, ദീർഘകാല ഫണ്ടിങ് തന്നെ നേടാൻ ശ്രദ്ധിക്കേണ്ടതാണ്.
വായ്പ തേടും മുൻപ് സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ
ബാങ്കുകളെയോ എൻബിഎഫ്സികളെയോ സമീപിക്കും മുൻപ് ഓരോ സംരംഭകനും ചില കാര്യങ്ങളിൽ വ്യക്തത ഉണ്ടായിരിക്കണം.
എനിക്ക് എത്ര തുക ആവശ്യമാണ്? ഈ തുക കൃത്യമായി എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്? ഈ മൂലധനം എന്ത് വരുമാനം ഉണ്ടാക്കും? വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള പ്രധാന സ്രോതസ്സ് എന്താണ്? 6 മുതൽ 12 മാസത്തിനുള്ളിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ എന്ത് ചെയ്യും? തുടങ്ങിയ ചോദ്യങ്ങൾക്ക് സ്വയം ഉത്തരങ്ങൾ കണ്ടെത്തണം. വായ്പാദാതാക്കൾ പരിശോധിക്കുന്ന പ്രധാന ഘടകങ്ങൾ
ഒരു സംരംഭകന്റെ വിശ്വാസ്യത, അനുഭവം, പ്രതിബദ്ധത എന്നിവയാണ് വായ്പാ ദാതാക്കൾ പ്രധാനമായും വിലയിരുത്തുന്നത്.
ഇതിനായി പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ് പരിശോധിക്കുന്നത്:
1. സാമ്പത്തിക അച്ചടക്കം: കൃത്യമായ ജിഎസ്ടി ഫയലിങ്ങുകൾ, ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ നിർബന്ധമാണ്.
2.
ഉദ്യം (Udyam) റജിസ്ട്രേഷൻ: എംഎസ്എംഇകൾ തങ്ങളുടെ വിപണി സാന്നിധ്യം ഉറപ്പാക്കാൻ ഇത് പൂർത്തിയാക്കണം.
3. പ്രൊമോട്ടർ വിഹിതം: മൊത്തം മൂലധനത്തിന്റെ 30 ശതമാനം മുതൽ 35 ശതമാനം വരെ സംരംഭകന്റെ വിഹിതമായി ഉണ്ടെങ്കിൽ വായ്പ ലഭിക്കാനുള്ള സാധ്യത വർധിക്കും.
4.
സിബിൽ സ്കോർ: 700 മുതൽ 800 വരെ സ്കോർ ഉണ്ടെങ്കിൽ വായ്പകൾ വളരെ എളുപ്പത്തിൽ ലഭിക്കും. സ്റ്റാർട്ടപ്പുകളുടെ വളർച്ചയും ഫണ്ടിങ്ങും
ഒരു സ്റ്റാർട്ടപ്പിന്റെ വളർച്ച വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഈ ഓരോ ഘട്ടത്തിലും ഗ്രാന്റുകളോ ഇൻകുബേഷൻ ഫണ്ടുകളോ തേടാവുന്നതാണ്. കൂടാതെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളും ഡെബ്റ്റ് ഫണ്ടുകളും ആശ്രയിക്കാം.
സ്ഥാപനപരമായ ഇക്വിറ്റിയും ഡെബ്റ്റ് ക്യാപിറ്റലുമാണ് പിന്നീട് ആവശ്യമായി വരുന്നത്. സർക്കാരിന്റെ സാമ്പത്തിക പിന്തുണയും ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതികളും
എംഎസ്എംഇ സംരംഭങ്ങൾക്കായി നിരവധി സർക്കാർ പദ്ധതികൾ നിലവിലുണ്ട്.
അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:
1. CGTMSE/CGSS (ക്രെഡിറ്റ് ഗ്യാരന്റി പദ്ധതികൾ): വായ്പകൾക്ക് സർക്കാർ ഗ്യാരന്റി നൽകുന്ന സംവിധാനമാണിത്.
എന്നാൽ ഭൂരിഭാഗം സംരംഭകരും ഇത് പൂർണമായി പ്രയോജനപ്പെടുത്തുന്നില്ല.
2. പിഎംഇജിപി: പുതിയ സംരംഭങ്ങൾക്കും സൂക്ഷ്മ സംരംഭങ്ങൾക്കും സബ്സിഡിയോടെയുള്ള വായ്പകൾ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
3.
മുദ്ര വായ്പകൾ: ഈടൊന്നും നൽകാതെ ചെറിയ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും വായ്പ നേടാം.
4. സ്റ്റാൻഡ്-അപ്പ് ഇന്ത്യയും എസ്ആർഐ ഫണ്ടും: വനിതാ സംരംഭകർക്കും വിവിധ മേഖലകൾക്കുമായി നീക്കിവച്ചിട്ടുള്ള പ്രത്യേക പദ്ധതികളാണിത്.
ഫണ്ടിങ്ങിനായി ശ്രമിക്കുമ്പോൾ ശരിയായ ഘട്ടത്തിൽ, ശരിയായ ചെലവിൽ, ആവശ്യമായ തുക കണ്ടെത്തുക എന്നത് അത്യന്താപേക്ഷിതമാണെന്ന് മനോജ് രവി ഓർമിപ്പിക്കുന്നു. വായ്പയുടെ കാലാവധിയും ആ പണം ഉപയോഗിക്കുന്ന ആവശ്യവും തമ്മിൽ കൃത്യമായ പൊരുത്തമുണ്ടായിരിക്കണം.
പലിശ നിരക്കുകൾക്കൊപ്പം മൊത്തത്തിലുള്ള വായ്പാ ചെലവും താരതമ്യം ചെയ്യുക. ബിസിനസ് വളർത്താൻ മാത്രം വായ്പകൾ ഉപയോഗിക്കുക.
പ്രതിസന്ധികൾ താൽക്കാലികമായി പരിഹരിക്കാൻ കടം വാങ്ങുന്ന ശൈലി പൂർണ്ണമായും ഒഴിവാക്കുക. സർക്കാർ തലത്തിലും ബാങ്കിങ് മേഖലയിലും ലഭ്യമായ അവസരങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞാൽ ഏത് സംരംഭകനും തന്റെ ബിസിനസിനെ വിജയത്തിലേക്ക് നയിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

