പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അഡീഷണല്‍ സെക്രട്ടറി ആര് ഹരിക്കായി ക്രൈംബ്രാഞ്ച് സംഘം അന്വേഷണം വ്യാപിപ്പിച്ചു. പ്രതി സംസ്ഥാനം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി വിളിപ്പിച്ച പിഎസ്സി ചെയര്‍മാനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യം, മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും തീരുമാനിക്കുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് പരീക്ഷാ തട്ടിപ്പുകളെക്കുറിച്ചും ഊര്‍ജ്ജിത അന്വേഷണം നടക്കുന്നുണ്ട്.
ഈ കേസില്‍ അടുത്തിടെയുണ്ടായ നിര്‍ണായക വഴിത്തിരിവിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രമക്കേട് നടന്ന ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
ഹൈക്കോടതി നിലപാട് കര്‍ശനമാക്കിയതോടെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടപടികള്‍ വേഗത്തിലാക്കിയത്. കോഴിക്കോട്ടെ വസതിയില്‍ വെച്ചാണ് സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം സേവനത്തില്‍ നിന്നും വിരമിച്ചത്. ആസൂത്രണ ബോര്‍ഡ് നിയമന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ‘ഓണ്‍ സ്ക്രീന്‍’ രീതിയിലാണ് മൂല്യനിര്‍ണയം നടത്തിയിരുന്നത്.
ഇതില്‍ 58 മാര്‍ക്ക് വരുന്ന 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതായി കണ്ടെത്തി. ഈ നടപടിയില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് ആര് ഹരി, പി സതീഷ് എന്നിവരെ പ്രതി ചേര്‍ത്തത്.
എഴുത്തുപരീക്ഷയില്‍ വളരെ കുറഞ്ഞ മാര്‍ക്ക് മാത്രം ലഭിച്ച അരുണ്‍ ജെ.പ്രതാപ് എന്ന ഉദ്യോഗാര്‍ത്ഥിയെ ഒന്നാം റാങ്കുകാരനാക്കി മാറ്റാന്‍ മൂല്യനിര്‍ണയ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ വലിയ അട്ടിമറി നടത്തിയെന്ന് വ്യക്തമാക്കുന്ന വ്യക്തമായ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഉന്നതതല സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

