സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ കോഴിക്കോട് വ്യക്തമാക്കി. കടുത്ത രാഷ്ട്രീയ വിരോധമാണ് ഇത്തരത്തിലുള്ള വ്യാജ നാടകങ്ങൾക്ക് പിന്നിലെന്നും മേളയുടെ ശോഭ കെടുത്താൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഭക്ഷണത്തിൽ പുഴുവെന്ന പേരിൽ വലിയ നാടകമാണ് അരങ്ങേറിയത്. എന്നാൽ പരിശോധനയിൽ അത്തരത്തിൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഇന്ന് ഒരു അധ്യാപകൻ പുഴുവിനെ കണ്ടുവെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. എന്നാൽ ഈ അധ്യാപകൻ തന്നെ പുഴുവിനെ കയ്യിൽ കരുതിക്കൊണ്ടുവന്ന് പ്രയോഗിക്കുന്നത് അവിടെ ജോലിക്കായി നിന്ന സ്ത്രീകൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
നാല് മണിക്കൂർ തിളച്ചുനിൽക്കുന്ന സാമ്പാറിലും ആവിയിൽ വെന്ത പുട്ടിലും ജീവനുള്ള പുഴു എങ്ങനെ വരുമെന്നും അദ്ദേഹം ചോദിച്ചു. ഇതൊരു മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ താൽപര്യമുള്ള ചിലരുണ്ടെന്നും മന്ത്രി രൂക്ഷമായി വിമർശിച്ചു.
സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ പോലീസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുഴുവിനെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ആളുടെ പെരുമാറ്റം സംശയാസ്പദമാണ്.
പത്തു വർഷമായി ഇദ്ദേഹം എവിടെയായിരുന്നു? ഇത്തരം ദുഷ്ടലാക്കുകൾ വെച്ചുപുലർത്തുന്നവർ അത് അവസാനിപ്പിക്കണം. ഇനിയും നിരവധി മേളകൾ സംസ്ഥാനത്ത് നടക്കാനിരിക്കെ ഇത്തരം ഹീനമായ പ്രവൃത്തികൾ ആവർത്തിക്കരുത്.
മേളകൾ നടക്കുമ്പോൾ ചില മാധ്യമപ്രവർത്തകരും ഈ തിരക്കഥയുടെ ഭാഗമാകുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം വ്യാജ വിവാദങ്ങൾക്കൊണ്ടും കുപ്രചാരണങ്ങൾക്കൊണ്ടും മേളയുടെ തിളക്കം ഒരിക്കലും കുറയ്ക്കാനാകില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
കുറ്റക്കാരനായ അധ്യാപകനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ജില്ലക്കാരനായ ഈ അധ്യാപകൻ ഏതെങ്കിലും അധ്യാപക സംഘടനയുടെ ഭാരവാഹിയാണോ എന്ന് പരിശോധിച്ചുവരികയാണെന്നും, സംഭവത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ താൽപര്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ വർഷവും മേളയിൽ ഭക്ഷണം തയ്യാറാക്കിയ പഴയിടത്തിന്റെ സേവനം മികച്ചതാണെന്നും മന്ത്രി എൻ ഷംസുദ്ദീൻ പ്രശംസിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

