ആലുവ: സ്കൂട്ടറിൽ കാറിടിച്ച് അപകടത്തിൽപ്പെട്ട യുവതിക്ക് പൊലീസിന്റെ സമയോചിതമായ ഇടപെടൽ തുണയായി.
പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തതിനൊപ്പം, നഷ്ടപ്പെട്ട സ്വർണാഭരണവും കണ്ടെത്തി നൽകി മാതൃകയായിരിക്കുകയാണ് ആലുവ പൊലീസ്.
ബുധനാഴ്ച രാവിലെ 9.30ഓടെ ആലുവ ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തായിരുന്നു ഈ സംഭവം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആലുവ തുരുത്ത് സ്വദേശിനിയായ യുവതിയെ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സമയം ഇതുവഴിയെത്തിയ ആലുവ പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ എസ്ഐ കബീർ കെ ഇസ്മയിലും സിപിഒ അമീൻ എ റസാഖും ചേർന്ന് ഉടൻതന്നെ യുവതിയെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ വെച്ച് യുവതിക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും നൽകിയ ഉദ്യോഗസ്ഥർ, ഉടൻതന്നെ ബന്ധുക്കളെയും വിവരമറിയിച്ചു. ചികിത്സയ്ക്കിടെയാണ് തന്റെ ഒന്നര പവനോളം തൂക്കം വരുന്ന പാദസരം അപകടസ്ഥലത്ത് വെച്ച് നഷ്ടപ്പെട്ട
വിവരം യുവതി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസുകാർ റോഡും പരിസരവും സൂക്ഷ്മമായി പരിശോധിക്കുകയും, കാണാതായ പാദസരം കണ്ടെത്തുകയും ചെയ്തു.
തുടർന്ന് ആശുപത്രിയിൽ തിരിച്ചെത്തിയ ഉദ്യോഗസ്ഥർ ഈ പാദസരം യുവതിക്ക് തന്നെ സുരക്ഷിതമായി കൈമാറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

