തൃശൂർ കുന്നംകുളത്ത് മകന്റെ ലഹരിക്കച്ചവടം ചോദ്യം ചെയ്തതിനെ തുടർന്ന് വയോധികനെ വീട്ടിൽ നിന്ന് പുറത്താക്കി. കുന്നംകുളം പാറേമ്പാടം സ്വദേശിയായ സൈമൺ ആണ് എങ്ങോട്ട് പോകണമെന്നറിയാതെ തൃശൂർ കളക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
മകന്റെ ലഹരിവിപണനത്തെക്കുറിച്ച് സൈമൺ പൊലീസിൽ വിവരം നൽകിയിരുന്നു. ഇതിന്റെ വിരോധത്തിൽ തനിക്ക് ക്രൂരമായ മർദനമാണ് ഏൽക്കേണ്ടി വന്നതെന്ന് സൈമൺ വ്യക്തമാക്കി.
സൈമനെ മകൻ ജോബിൻ സംരക്ഷിക്കുന്നില്ലെന്നും നിരന്തരം ഉപദ്രവിക്കുന്നുവെന്നും കാണിച്ച് ബന്ധു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സൈമണ്‍ വീട്ടിൽ പ്രവേശിക്കാമെന്നും മകൻ ജോബിനെ വീട്ടിൽ നിന്ന് പുറത്താക്കണമെന്നും കുന്നംകുളം മുൻസിഫ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുന്നംകുളം പൊലീസ് നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് സൈമൺ ആരോപിച്ചു. പൊലീസ് എത്തുന്നതുവരെ താൻ ഇവിടെനിന്ന് എവിടേക്കും പോകില്ലെന്ന് വ്യക്തമാക്കി അദ്ദേഹം കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തുകയായിരുന്നു.
തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടായത്. പൊലീസ് സൈമണെ സുരക്ഷിതമായി തിരികെ വീട്ടിലെത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

