കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് മേഖലയിൽ വ്യാപകമായി ഗൃഹോപകരണങ്ങളും അടുക്കള ഉപകരണങ്ങളും കവർച്ച ചെയ്തുവന്ന പ്രവാസി അറസ്റ്റിലായി. ജലീബ് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വാഷിംഗ് മെഷീനുകൾ, ഓവനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. മോഷ്ടിക്കുന്ന വസ്തുക്കൾ പിക്കപ്പ് വാനിൽ കയറ്റി മറ്റ് പ്രവാസികൾക്ക് കൈമാറുകയും, തുടർന്ന് ഫ്രൈഡേ മാർക്കറ്റിൽ ഇവ ഉപയോഗിച്ച സാധനങ്ങളെന്ന വ്യാജേന കുറഞ്ഞ വിലയ്ക്ക് വിൽക്കുകയുമായിരുന്നു പതിവ്.
ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്. തുടർന്ന് ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, വിൽപ്പനയ്ക്കായി മാറ്റിസ്ഥാപിച്ചിരുന്ന നിരവധി മോഷ്ടിച്ച വസ്തുക്കൾ ഒരു ഗോഡൗണിൽ നിന്ന് കണ്ടെടുക്കുകയുണ്ടായി.
പൊലീസ് ചോദ്യം ചെയ്യലിൽ സമാനമായ രീതിയിൽ പതിനഞ്ചിലധികം കവർച്ചകൾ നടത്തിയിട്ടുണ്ടെന്ന് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടർ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട
അന്വേഷണ വിഭാഗത്തിന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

