കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച 11-ാമത് ആയുർവേദ ദിനാഘോഷങ്ങൾ സമാപിച്ചു. ‘ആരോഗ്യകരമായ നാളേക്കായി ആയുർവേദം’ എന്നതായിരുന്നു ഈ വർഷത്തെ ഔദ്യോഗിക പ്രമേയം.
ആയുർവേദ ശാസ്ത്രത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനും, ശാസ്ത്രീയ ഗവേഷണങ്ങളും നവീകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ പരിപാടികളാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ബോധവൽക്കരണ ക്യാംപുകൾ, ആരോഗ്യ പരിശോധനകൾ, വിദ്യാർഥികൾക്കായുള്ള ലേണിംഗ് വിസിറ്റുകൾ, ‘മീറ്റ് ദ സയന്റിസ്റ്റ്’ പരിപാടികൾ, വെബിനാറുകൾ എന്നിവ ഇതിന്റെ ഭാഗമായി നടന്നു.
തുമ്പ വിഎസ്എസ്സി സിഐഎസ്എഫ് യൂണിറ്റിനായി പ്രത്യേക മെഡിക്കൽ ക്യാംപും, വനിതാ-ശിശു ആരോഗ്യ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ‘റൺ ഫോർ ആയുർവേദ’ ഓട്ടപ്രദക്ഷിണം, ശുചിത്വ യജ്ഞങ്ങൾ, ഔഷധസസ്യ വിതരണം, വൃക്ഷത്തൈ നടീൽ, ‘അഡോപ്റ്റ് എ പ്ലാന്റ്’ ക്യാംപയിൻ, യോഗാ ക്യാംപുകൾ, ധന്വന്തരി പൂജ എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഇതോടൊപ്പം ആയുർവേദ പ്രദർശനം, മിനി എക്സ്പോ, ആരോഗ്യകരമായ ആഹാരരീതികളെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷ്യമേള, പാചക മത്സരങ്ങൾ എന്നിവയും അരങ്ങേറി. ചിത്രരചന, മുദ്രാവാക്യ രചന, ഫോട്ടോഗ്രഫി, യോഗ തുടങ്ങിയ വിവിധ മത്സരങ്ങളും നടത്തി.
ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ (ഇൻ-ചാർജ്) ഡോ. ശ്രീനിബാഷ് സാഹു വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

