വെങ്കിടങ്ങ് മേച്ചേരിപ്പടി മനയ്ക്കൽ കടവിൽ പ്രവർത്തിച്ചിരുന്ന തൊഴുത്തിൽ തീപിടുത്തം. സംഭവത്തിൽ ഒരു മാസം പ്രായമുള്ള മൂരിക്കുട്ടി ചരിഞ്ഞു.
അപ്പനാത്ത് സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തിൽ ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് ദാരുണമായ സംഭവം ഉണ്ടായത്. തൊഴുത്തിലുണ്ടായിരുന്ന മൂന്ന് പശുക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു.
തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ അറിയിച്ചതിനെത്തുടർന്നാണ് വീട്ടുകാർ വിവരമറിയുന്നത്.
ഉടൻ തന്നെ സുരേന്ദ്രനും മകൻ അജിത്തും ചേർന്ന് കത്തുന്ന തൊഴുത്തിൽ നിന്ന് പശുക്കളെ പുറത്തെത്തിക്കാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടയിൽ സുരേന്ദ്രനും അജിത്തിനും പൊള്ളലേറ്റു.
ഓലമേഞ്ഞ തൊഴുത്ത് പൂർണമായും കത്തിനശിക്കുകയും കെട്ടിടം നിലംപതിക്കുകയും ചെയ്തു. തൊഴുത്തിനോട് ചേർന്നുണ്ടായിരുന്ന വീടിന്റെ ജനൽചില്ലുകൾ ചൂടിൽ തകർന്നു വീഴുകയും വീടിന്റെ പ്ലാസ്റ്ററിങ് അടർന്നുപോവുകയും ചെയ്തു.
ഗുരുവായൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. വെങ്കിടങ്ങ് വെറ്ററിനറി സർജൻ ഡോ.
പ്രവിത സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. 4 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
പൊള്ളലേറ്റ പശുക്കൾക്ക് ചികിത്സ തുടരുകയാണ്. ഉപജീവന മാർഗം നിലച്ചു
ക്ഷീരകർഷകനായ സുരേന്ദ്രനും കുടുംബത്തിന്റെയും പ്രധാന വരുമാനമാർഗമാണ് ഈ ദുരന്തത്തോടെ ഇല്ലാതായത്.
കറവയുള്ള പശുവും ചെനയിലുള്ള രണ്ട് പശുക്കളുമാണ് പൊള്ളലേറ്റവയിൽ ഉൾപ്പെടുന്നത്. ഇതോടെ കുടുംബം വലിയ പ്രതിസന്ധിയിലാണ്.
ലഹരി മാഫിയയെക്കുറിച്ച് സംശയം
സംഭവത്തിൽ ലഹരി മാഫിയയ്ക്ക് പങ്കുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പുലർച്ചെ ബൈക്കുകളിൽ അപരിചിതർ പ്രദേശത്ത് എത്തിയിരുന്നതായും സിസിടിവി ദൃശ്യങ്ങളിൽ ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടതായും നാട്ടുകാർ പറയുന്നു.
പ്രദേശത്ത് ലഹരി വിൽപനയുമായി ബന്ധപ്പെട്ട് നേരത്തെയും പരാതികൾ നിലവിലുണ്ട്. നിയമനടപടികൾ
സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എസ്ഐ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അസ്വാഭാവികമായി തൊഴുത്ത് കത്തിനശിച്ച സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, മണ്ഡലം പ്രസിഡന്റ് കെ.എസ്.
ധനീഷ് എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

