തുറവൂർ ∙ ദേശീയപാതയിൽ അരൂർ–തുറവൂർ ഉയരപ്പാത അവസാനിക്കുന്ന തുറവൂർ ജംക്ഷനിൽ വടക്കോട്ട് നിന്നു ചേർത്തല ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കടുത്ത ഗതാഗതക്കുരുക്കിൽ വലയുന്നു. തെക്കോട്ടുള്ള ഭാഗത്ത് തൂണുകളുടെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ജംക്ഷനിൽ കുഴിയെടുത്തതാണ് നിലവിലെ യാത്രാദുരിതത്തിന് കാരണം.
അരൂർ ഭാഗത്ത് നിന്നു ആലപ്പുഴ ഭാഗത്തേക്കു സഞ്ചരിക്കുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപ്പെട്ട് ഇഴഞ്ഞു നീങ്ങുന്നത്. പലപ്പോഴും കിലോമീറ്ററുകളോളമാണ് ഇവിടെ വാഹനങ്ങളുടെ നീണ്ട
നിര രൂപപ്പെടുന്നത്. ജംക്ഷന് തെക്കുഭാഗത്ത് 200 മീറ്ററിൽ തൂണുകൾ നിർമിക്കുന്നതിന്റെ ഭാഗമായി കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തുമുള്ള പാതകൾ ഒറ്റവരിയായാണ് ഗതാഗതത്തിനായി ക്രമീകരിച്ചിരിക്കുന്നത്.
തൈക്കാട്ടുശേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്കും കൊച്ചിയിലേക്കും പോകുന്ന വാഹനങ്ങൾ ജംക്ഷനിൽ നിന്ന് തെക്കോട്ട് കയറി 750 മീറ്റർ സഞ്ചരിച്ച് യൂ–ടേൺ തിരിഞ്ഞാണ് പോകേണ്ടി വരുന്നത്. തൈക്കാട്ടുശേരി ഭാഗത്തുനിന്ന് തുറവൂർ ജംക്ഷനിലൂടെ ഓട്ടോയും ടാക്സിയുമടക്കമുള്ള വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ, ജംക്ഷനിൽ തൂൺ നിർമാണത്തിനായി കുഴിച്ചിരിക്കുന്നത് റോഡ് ഇടുങ്ങിയതാക്കുന്നു.
ഇത് പ്രദേശത്ത് നിരന്തരം ഗതാഗത സ്തംഭനത്തിന് ഇടയാക്കുന്നുണ്ട്. അരൂർ–തുറവൂർ റീച്ചിൽ ഉയരപ്പാത അവസാനിക്കുന്ന തുറവൂർ ജംക്ഷന് തെക്കുഭാഗത്തുള്ള ഇരുവശത്തെയും സർവീസ് റോഡുകൾക്ക് മധ്യേ നിർമാണ കമ്പനിയുടെ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുകയാണ്.
ഇവിടെ തൂണുകൾ ഉയരുന്നത് വരെ ഇരുപത് മീറ്ററോളം ഭാഗത്ത് സർവീസ് റോഡിന്റെ വീതി വർധിപ്പിച്ചാൽ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

