സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി കെ റഫീക്കിനെതിരെ രൂക്ഷ വിമർശനം. അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രതികരണങ്ങളും അപക്വമാണെന്ന് യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്ന പ്രവർത്തകരെ തിരികെ എത്തിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് ജില്ലാ സെക്രട്ടറി കെ റഫീഖ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലുളള ചർച്ചകൾ ഇന്നും തുടരും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എം തോമസ് ഐസക്, പി രാജീവ്, പി സതീദേവി, പി കെ ബിജു, എം വി ജയരാജൻ, സജി ചെറിയാൻ, വി എൻ വാസവൻ, ജോൺ ബ്രിട്ടാസ്, പി ജയരാജൻ എന്നിവരും ജില്ലയിൽ നിന്നുള്ള 85 പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, തിരുവനന്തപുരം വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും നിർണ്ണായക ചർച്ചകൾ നടന്നു. നിലവിൽ ജില്ലാ സെക്രട്ടറിയായ വി ജോയി സ്ഥാനത്ത് തുടരുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, എംഎൽഎ പദവിയുള്ള ഒരാൾ പാർട്ടി സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെതിരെ ശക്തമായ വിയോജിപ്പ് ഉയർന്നിട്ടുണ്ട്.
ജില്ലാ സെക്രട്ടേറിയേറ്റിൽ അഴിച്ചുപണി വേണമെന്ന ആവശ്യം യോഗത്തിൽ ശക്തമാണ്. സെക്രട്ടേറിയേറ്റിനെതിരെയുള്ള വിമർശനങ്ങൾ കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന പരാതിയും മുതിർന്ന നേതാക്കൾ ഉന്നയിച്ചു.
കൂടാതെ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് സ്ഥാനാർത്ഥികൾ ഇല്ലാത്തതും, ജില്ലാ സെക്രട്ടേറിയേറ്റിൽ ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാത്തതും വലിയ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

