മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. ടൗൺഷിപ്പിലെ വ്യാപാരകേന്ദ്രങ്ങളുടെ നിർമാണം ഇപ്പോൾ അവസാനഘട്ടത്തിലാണ്; കോൺക്രീറ്റ്, പെയിന്റിങ് ജോലികൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്.
ഒപ്പം തന്നെ ആശുപത്രി കെട്ടിടത്തിന്റെ നിർമാണവും ദ്രുതഗതിയിൽ മുന്നേറുകയാണ്. ഈ രണ്ട് പ്രവൃത്തികളും പുതുവത്സരത്തിന് മുൻപായി പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
എന്നാൽ, ടൗൺഷിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്കൂൾ, പരേഡ് ഗ്രൗണ്ട് എന്നിവയുടെ നിർമാണം നിലവിൽ ആരംഭിച്ചിട്ടില്ല. വീടുകളുടെ നിർമാണത്തിനാണ് സർക്കാർ നിലവിൽ മുൻഗണന നൽകുന്നത്.
ഒക്ടോബർ 31-ഓടെ ടൗൺഷിപ്പിലെ 149 വീടുകളുടെയും പെയിന്റിങ് ജോലികൾ പൂർത്തിയാക്കി നവംബറിൽ നറുക്കെടുപ്പിലൂടെ കൈമാറാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ അഞ്ചാം ക്ലസ്റ്ററിലെ വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്.
വിവിധ ക്ലസ്റ്ററുകളിലായി ആകെ 157 വീടുകളാണ് നിർമിക്കുന്നത്. ഇതിൽ 149 ഗുണഭോക്താക്കൾക്കാണ് വീടുകൾ അനുവദിച്ചിരിക്കുന്നത്.
സർക്കാർ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ വിതരണം ചെയ്യാനായി അധികമായി 8 വീടുകൾ കൂടി നിർമിക്കുന്നുണ്ട്. ഏകദേശം 900 തൊഴിലാളികളാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുള്ളത്.
മഴ കുറഞ്ഞതോടെ ജോലികൾക്ക് വേഗത കൈവന്നിട്ടുണ്ട്. റോഡ് നിർമാണം പൂർത്തിയാകാത്തത് മൂലം മുൻപ് വീട് ലഭിച്ചവർ അനുഭവിച്ച ദുരിതങ്ങൾ പരിഗണിച്ച്, ഡിസംബറോടെ റോഡ് നിർമാണവും പൂർത്തീകരിക്കും.
ഈ പ്രവൃത്തികൾ പൂർത്തിയായ ശേഷം മാത്രമേ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുകയുള്ളൂ. മഴക്കാലത്ത് ടൗൺഷിപ്പിലെ റോഡുകളിൽ ഉണ്ടായ ചെളിയും അതുമൂലം നിവാസികൾക്കും വിദ്യാർഥികൾക്കും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിർമാണം വേഗത്തിലാക്കാൻ തീരുമാനമായത്. ടൗൺഷിപ്പിനുള്ളിലേക്കുള്ള റോഡ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയും, പുൽപാറയിലേക്കുള്ള വഴി നഗരസഭയും പൂർത്തിയാക്കാനാണ് നിലവിലെ ധാരണ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

