അടിമാലി നേര്യമംഗലം മൂന്നാംമൈലിൽ നിന്ന് അഞ്ചാംമൈൽ ആദിവാസി ഉന്നതി കോളനിയിലേക്കുള്ള പാതയിലെ പാലം അതീവ അപകടാവസ്ഥയിൽ. ദേവിയാർ പുഴയ്ക്ക് കുറുകെ നിർമിച്ചിരിക്കുന്ന പാലത്തിന്റെ മധ്യഭാഗത്തെ കരിങ്കൽ തൂണും അപ്രോച്ച് റോഡിനോട് ചേർന്ന സംരക്ഷണ ഭിത്തിയും തകർന്ന നിലയിലാണ്.
ഈ പാതയിലൂടെ ഗോത്രസാരഥി പദ്ധതിയുടെ ഭാഗമായുള്ള ജീപ്പുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്നത് ഏറെ ആശങ്കയോടെയാണ്. ഏകദേശം ഒരു പതിറ്റാണ്ട് മുൻപ് നിർമിച്ച ഈ പാലം നേരത്തെയും അപകടാവസ്ഥയിലായിരുന്നു.
ഇതിനെത്തുടർന്ന് രണ്ട് വർഷം മുൻപ് കോളനിവാസികളുടെ മുൻകൈയിൽ പാലത്തിന്റെ തൂണുകളും സംരക്ഷണ ഭിത്തിയും അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തിയിരുന്നു. എന്നാൽ, സമീപകാലത്തുണ്ടായ കനത്ത മഴയിൽ നിർമിതികൾ വീണ്ടും തകർന്നു.
2016–2021 കാലയളവിൽ അന്നത്തെ എംഎൽഎ എസ്.രാജേന്ദ്രൻ ഉന്നതിയിലേക്കുള്ള റോഡ്, കമ്മ്യൂണിറ്റി ഹാൾ, പാലം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി ഒന്നേകാൽ കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ അനുവദിച്ച തുകയ്ക്ക് ആനുപാതികമായ ജോലികൾ പൂർത്തിയായിട്ടില്ലെന്ന് പഞ്ചായത്തംഗം അനീഷ് ഗോപി, ഊരുമൂപ്പൻ രാജപ്പൻ കാണി എന്നിവർ ആരോപിച്ചു.
സർക്കാർ ഏജൻസിയുടെ മേൽനോട്ടത്തിൽ നടന്ന നിർമാണ പ്രവർത്തനങ്ങളിലെ അപാകതകളാണ് പാലം തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. അപകടം ഒഴിവാക്കാൻ പാലം അടിയന്തരമായി ബലപ്പെടുത്തണമെന്നും നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ അധികൃതർ ഇടപെടണമെന്നും ഉന്നതി നിവാസികൾ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

