അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണ പുനസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ ആഭ്യന്തര വകുപ്പ് വക്താവാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ സങ്കീർണമായി തുടരുന്നതിനിടയിലാണ് നിർണായകമായ ഈ നീക്കം. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും ചർച്ച ചെയ്യുന്നതിനായി പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി അടുത്ത ദിവസം ഇറാൻ സന്ദർശിക്കും.
ഹൂതികൾക്കായുള്ള സന്ദേശം കൈമാറാനാണ് ഈ യാത്രയെന്നാണ് പുറത്തുവരുന്ന വിവരം. പശ്ചിമേഷ്യയിലെ നിർണായക സമുദ്രപാതകളിലെ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നതിനിടയിൽ, തടസ്സമില്ലാത്ത ഊർജ്ജ വിതരണവും കപ്പലുകളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ ഗതാഗതവും ഉറപ്പാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ശനിയാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടിരുന്നു.
വികസ്വര രാജ്യങ്ങൾക്കും ആഗോള വിതരണ ശൃംഖലകൾക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, കപ്പലുകളുടെ സുരക്ഷിത നീക്കം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചതായി പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ഏക പ്രായോഗിക മാർഗ്ഗം ചർച്ചകളും നയതന്ത്ര ബന്ധവുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, ഹൂതി ആക്രമണങ്ങൾ രൂക്ഷമായതോടെ ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കടുത്ത സുരക്ഷാ ഭീഷണി നേരിടുകയാണ്. സൗദിക്കെതിരായ ആക്രമണത്തിൽ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഹൂതികൾ ലക്ഷ്യമിട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോയ്ക്ക് സമീപം പുക ഉയർന്നതായി വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സൗദി അറേബ്യ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാത്രിയിൽ സൗദിയിലെ പത്ത് മേഖലകളിലേക്കാണ് ഹൂതികൾ ആക്രമണം അഴിച്ചുവിട്ടത്.
സൗദി, ജിദ്ദ, ഖമീസ് മുഷൈത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യാംബുവിലേക്കുള്ള പൈപ്പ് ലൈനും ചെങ്കടൽ വഴിയുള്ള ചരക്കുനീക്കവും താറുമാറായതിനെത്തുടർന്ന്, അടുത്ത മാസം എണ്ണയെത്തില്ലെന്ന് യൂറോപ്പിലെ രണ്ട് റിഫൈനറികളെ സൗദി അറിയിച്ചതായും പുതിയ വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

