തലസ്ഥാന നഗരിയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ. വിദേശ പൗരന്മാരെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്ലിക്കേഷനുകൾ വഴി കോടികൾ തട്ടിയെടുത്ത സംഘമാണ് സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സേനയായ ഡാൻസാഫ് നടത്തിയ നീക്കത്തിലൂടെ കുടുങ്ങിയത്.
കുമാരപുരത്തെ ഒരു വീട്ടിൽ ഉത്തരേന്ത്യക്കാർ വന്നു പോകുന്നുവെന്നും ലഹരി ഇടപാട് സംശയിക്കുന്നുവെന്നും കാട്ടി പൊലീസിനു ലഭിച്ച ഒരു അജ്ഞാത ഫോൺ കോളാണ് നിർണായക വഴിത്തിരിവായത്. ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന്റെ ഭാഗമായി ഡാൻസാഫ് സംഘം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിൽ തിങ്കളാഴ്ച വൈകിട്ടോടെ ബന്ധപ്പെട്ട
വീട്ടിൽ പരിശോധന നടത്തി. ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ലെങ്കിലും, അവിടെയുണ്ടായിരുന്നവർ ശ്രീകാര്യത്തെ ഐടി സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് അവകാശപ്പെട്ടതാണ് പൊലീസിൽ സംശയമുണർത്തിയത്.
തുടർന്ന് പോങ്ങുംമൂട്ടിലെ ഈ സ്ഥാപനത്തിൽ നടത്തിയ പരിശോധനയാണ് കോൾ സെന്റർ മാതൃകയിൽ പ്രവർത്തിച്ചിരുന്ന കൂറ്റൻ തട്ടിപ്പുകേന്ദ്രം വെളിച്ചത്ത് കൊണ്ടുവന്നത്. മേശകൾ നിറയെ കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളുമായിരുന്നു.
തട്ടിപ്പിന് നേതൃത്വം നൽകിയ ഗുജറാത്ത് സ്വദേശി ആകാശ്ദീപ് ചൗധരിയുടെ കംപ്യൂട്ടർ സ്ക്രീനിൽ ‘ഇതിൽ ആരെങ്കിലും തൊട്ടാൽ വെടിവച്ചു കൊല്ലും’ എന്ന ഭീഷണി സന്ദേശവും എഴുതിവെച്ചിരുന്നു. സ്ഥാപനത്തിന്റെ മറവിൽ വൻതോതിൽ ക്രിമിനൽ തട്ടിപ്പാണ് നടക്കുന്നതെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്ന 40 കംപ്യൂട്ടറുകളും പരിശോധിച്ചു.
‘കൺഗ്രാജുലേഷൻസ്, നിങ്ങൾക്ക് 50 ലക്ഷം രൂപ വായ്പ അനുവദിച്ചിരിക്കുന്നു’ എന്നതുൾപ്പെടെയുള്ള നൂറുകണക്കിന് സന്ദേശങ്ങൾ ഇതിൽനിന്ന് കണ്ടെത്തി. വായ്പയുടെ പ്രോസസിങ് ഫീ ആവശ്യപ്പെടുന്ന സന്ദേശങ്ങൾക്കും പുറമേ, ഇടപാടിൽ നിന്ന് പിന്മാറുന്നവരെ സിബിൽ സ്കോർ തകർക്കുമെന്നും സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിൽ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും സംഘം അയച്ചിരുന്നു.
യുഎസ് പൗരരെ ലക്ഷ്യമിട്ട് ‘ലെൻഡ്ജെറ്റ്’ എന്ന ആപ്ലിക്കേഷൻ വഴിയായിരുന്നു ഈ കബളിപ്പിക്കൽ. എൻജിനീയർമാരും നിയമബിരുദധാരികളും ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംഘമാണ് ഇതിനു പിന്നിലുണ്ടായിരുന്നത്.
പ്രതിമാസം 10,000 മുതൽ 15,000 രൂപ വരെ ശമ്പളത്തിന് ജോലിക്കെടുത്ത ഇവർക്ക്, ഓരോ ഇരയെ വീഴ്ത്തുമ്പോഴും 1000 രൂപ ബോണസും ലഭിച്ചിരുന്നു. പരിശോധനയ്ക്കിടെ തട്ടിപ്പ് സംഘത്തിലെ 18 പേരെ കസ്റ്റഡിയിലെടുത്തു.
ഇതിൽ 5 പേർ ശുചീകരണ തൊഴിലാളികളായിരുന്നു. ബാക്കി 13 ജീവനക്കാരെ ചോദ്യം ചെയ്തതോടെയാണ് സൂത്രധാരനായ ആകാശ്ദീപ് ചൗധരിയും കൂട്ടാളികളായ പാർഥിവ് റാണ, കപിൽ ഠാക്കുർ എന്നിവരും സ്ഥലം വിട്ട
വിവരം പുറത്തുവന്നത്. പാർഥിവ് റാണയും കപിലും വിമാനത്താവളത്തിലേക്ക് തിരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഡാൻസാഫ് സംഘം ഉടൻ തന്നെ വിമാനത്താവള അധികൃതരെ ബന്ധപ്പെട്ടു.
വിമാനം പുറപ്പെടാൻ 20 മിനിറ്റ് മാത്രം ബാക്കിനിൽക്കെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കപിലിനെ വിമാനത്തിൽ നിന്ന് പിടിച്ചിറക്കി. എന്നാൽ മറ്റൊരു സീറ്റിലുണ്ടായിരുന്ന പാർഥിവ് റാണയെക്കുറിച്ച് കപിൽ മൗനം പാലിച്ചു.
തുടർന്ന് അഹമ്മദാബാദ് വിമാനത്താവള അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന്, രാത്രി പത്തരയോടെ വിമാനം ലാൻഡ് ചെയ്ത ഉടൻ പാർഥിവ് റാണയും പിടിയിലായി. പിടിയിലായ അങ്കിത് കുമാർ, കുൽദീപ് കുമാർ, ഭാസ്കർ പാണ്ഡെ, മുഹമ്മദ് ഷക്കീർ, ഫൂൽസിങ്, രാകേഷ്, രവീന്ദ്രർ കുമാർ, ഗോലു, രത്നീഷ് മിശ്ര, കപിൽ എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
മുഖ്യപ്രതിയായ ആകാശ്ദീപ് ചൗധരിക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു.
വിദേശ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചിരുന്നത് എന്നതിനാൽ ഇതിന് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങൾ ഉണ്ടോയെന്നും സൈബർ വിഭാഗം അന്വേഷിച്ചു വരികയാണ്. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടുതൽ വ്യക്തമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

