കടുത്തുരുത്തിയിൽ വൃദ്ധനായ ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവുമായി ബന്ധപ്പെട്ട് മകനെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
മാന്നാർ മൂർക്കാട്ടിൽ മാത്യു (80) കൊല്ലപ്പെട്ട സംഭവത്തിൽ മകൻ എബിൻ മാത്യു (36) ആണ് പിടിയിലായത്.
ഞായറാഴ്ചയാണ് മാത്യുവിനെ മാന്നാറിലെ വവസതിയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നേ ദിവസം മാത്യുവിനെ പുറത്തു കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ മരിച്ചുകിടക്കുന്നതായി കാണുന്നത്.
മകൻ എബിനൊപ്പമായിരുന്നു മാത്യു താമസിച്ചിരുന്നത്. മാത്യുവിന്റെ ഭാര്യ മേരി മുൻപ് തന്നെ മരണപ്പെട്ടിരുന്നു.
സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന എബിൻ, പിതാവിന്റെ പേരിലുള്ള സ്വത്തുക്കൾ കൈക്കലാക്കുന്നതിന്റെ ഭാഗമായി മാത്യുവിനെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഈ ഉപദ്രവങ്ങൾ സഹിക്കാൻ വയ്യാതെ ബന്ധുവിന്റെ വീട്ടിലേക്ക് മാറിത്താമസിച്ചിരുന്ന മാത്യുവിനെ, കഴിഞ്ഞ ദിവസം എബിൻ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.
സംഭവദിവസം രാവിലെ മാത്യുവും എബിനും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് എബിൻ പിതാവ് മാത്യുവിനെ ചവിട്ടി താഴെയിടുകയുമായിരുന്നു. തലയ്ക്കും വാരിയെല്ലുകൾക്കും ഗുരുതരമായി പരുക്കേറ്റ മാത്യു അമിതമായി രക്തം വാർന്നാണ് മരണപ്പെട്ടത്.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി എബിൻ വീടിനുള്ളിലെ രക്തക്കറകൾ കഴുകിക്കളയുകയും ചെയ്തു. മാത്യുവിന്റെ മരണത്തിൽ നാട്ടുകാർ തുടക്കം മുതലേ ദുരൂഹതയാരോപിച്ചിരുന്നു.
തുടർന്ന് പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്ന എബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

