മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട അതിജീവിതർക്കായുള്ള ടൗൺഷിപ്പ് നിർമ്മാണം അന്തിമഘട്ടത്തിലേക്ക്.
പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 149 വീടുകളുടെ പണികളാണ് ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. വീടുകളുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കി അർഹരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ വാസസ്ഥലം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നേരത്തെ ആദ്യഘട്ടത്തിൽ 178 വീടുകൾ ഗുണഭോക്താക്കൾക്കായി ഔദ്യോഗികമായി കൈമാറിയിരുന്നു. ദുരന്തത്തിൽ പ്രിയപ്പെട്ടവരെയും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് മാന്യമായ ജീവിതസാഹചര്യങ്ങളും സ്വന്തം വീടും ഉറപ്പാക്കുകയാണ് ഈ പുനരധിവാസ പദ്ധതിയിലൂടെ സർക്കാർ ചെയ്യുന്നത്.
ഇതോടൊപ്പം അടിസ്ഥാന സൗകര്യ വികസനങ്ങളും അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. അങ്കണവാടി, ആരോഗ്യ കേന്ദ്രം, മാർക്കറ്റ്, പൊതു ശുചിമുറി, റോഡ് എന്നിവയുടെ പണികൾ പൂർത്തിയാക്കി വരുന്ന ഡിസംബറോടെ ടൗൺഷിപ്പിൽ പൂർണ്ണമായും സജ്ജമാക്കും.
കുട്ടികളുടെ സംരക്ഷണം, പ്രാഥമിക ആരോഗ്യ പരിരക്ഷ, ദൈനംദിന ആവശ്യങ്ങൾ എന്നിവയെല്ലാം ഒരിടത്ത് തന്നെ ലഭ്യമാകുന്നതോടെ ഈ ആധുനിക ടൗൺഷിപ്പ് കൂടുതൽ ജനസൗഹൃദമായി മാറും. പരിസ്ഥിതി സൗഹൃദ വികസന മാതൃകയാണ് പദ്ധതിയിൽ നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് കൈമാറിയ മുഴുവൻ വീടുകളിലും ജൈവ-അജൈവ മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച് സംസ്കരിക്കുന്നതിനായി ത്രീ-ലെയർ ബയോ കംപോസ്റ്റ് ബിന്നുകൾ നൽകിയിട്ടുണ്ട്. കൂടാതെ, ഓരോ വീടിനും 2 കിലോവാട്ട് ശേഷിയുള്ള നെറ്റ് മീറ്ററിങ് സംവിധാനത്തിലുള്ള റൂഫ്ടോപ് സൗരോർജ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്.
ഇത് ഈ പ്രകൃതി സൗഹൃദ ടൗൺഷിപ്പിനെ ജില്ലയിലെ പ്രധാനപ്പെട്ട റസിഡൻഷ്യൽ സൗരോർജ കൂട്ടായ്മകളിലൊന്നാക്കി മാറ്റുന്നു.
പൊതു ആവശ്യങ്ങൾക്കായുള്ള അധിക സൗരോർജ വൈദ്യുതി ഉൽപ്പാദനം ഗ്രിഡിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാൻ സഹായിക്കും. ആദ്യഘട്ടത്തിൽ നൽകിയ 178 വീടുകളും ഇപ്പോൾ രണ്ടാംഘട്ടത്തിൽ പൂർത്തിയാകുന്ന 149 വീടുകളും ഉൾപ്പെടെ ആകെ 327 കുടുംബങ്ങൾക്കാണ് ഇവിടെ സുരക്ഷിതമായ പുനരധിവാസ ഇടമൊരുങ്ങുന്നത്.
രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിലാണ് ഈ ദുരന്ത പുനരധിവാസ പദ്ധതി മുന്നോട്ട് പോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

