കെഎസ്ആർടിസിയിൽ സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. വരുമാനത്തിൽ വലിയ ഇടിവുണ്ടായതോടെ ടാക്സ് അടയ്ക്കുന്നത് ഒഴിവാക്കുന്നതിനായി ജി-ഫോം സമർപ്പിച്ച് സർവീസ് നിർത്തിവെക്കാൻ ഒരു വിഭാഗം ഉടമകൾ തീരുമാനിച്ചു.
പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നു സർവീസ് നടത്തുന്ന 180 ബസുകളിൽ നിലവിൽ ചുരുക്കം ചില ഉടമകൾ മാത്രമാണ് ഇതിനായി നടപടികൾ സ്വീകരിച്ചിട്ടുള്ളത്. സാഹചര്യം മെച്ചപ്പെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.
ജി-ഫോം നൽകുന്നതോടെ നിശ്ചിത കാലയളവിലേക്ക് (ആറു മാസം മുതൽ ഒരു വർഷം വരെ) വാഹനം സർവീസിൽ നിന്ന് മാറ്റി നിർത്താനും ടാക്സ് ഒഴിവാക്കാനും ഉടമകൾക്ക് സാധിക്കും. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെബിടിഎ) ഏരിയ പ്രസിഡന്റ് അയൂബ് ഖാൻ പറയുന്നതനുസരിച്ച്, സൗജന്യയാത്രാ പദ്ധതി നടപ്പിലായതോടെ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണം വർധിച്ചത് സ്വകാര്യ ബസുകളുടെ ദൈനംദിന വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്രതിദിനം 2,000 മുതൽ 3,000 രൂപ വരെയാണ് ഓരോ ബസിനും നഷ്ടം സംഭവിക്കുന്നത്. ഡീസൽ ചെലവിനും ജീവനക്കാരുടെ വേതനം നൽകാനും പോലും വരുമാനം തികയാത്ത അവസ്ഥയിലാണ് ഉടമകളെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴിക്കര, കോട്ടുവള്ളി, ഗോതുരുത്ത്, വടക്കുപുറം, കോട്ടയിൽ കോവിലകം, കൊടുങ്ങല്ലൂർ തുടങ്ങിയ റൂട്ടുകളിലെല്ലാം പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് ഏഴിക്കര റൂട്ടിൽ സർവീസ് നടത്തുന്ന 14 സ്വകാര്യ ബസുകൾ വലിയ വരുമാന നഷ്ടമാണ് നേരിടുന്നത്.
നികുതിയിളവിനേക്കാൾ ഉപരിയായി ഡീസൽ സബ്സിഡിയോ പ്രത്യേക സാമ്പത്തിക പാക്കേജോ അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഇതിനിടെ, മോട്ടർ വാഹന വകുപ്പിന്റെ പരിശോധനകളും അമിത പിഴയും മേഖലയ്ക്ക് കൂടുതൽ തിരിച്ചടിയാകുന്നുണ്ടെന്ന് കെബിടിഎ ഏരിയ പ്രസിഡന്റ് അയൂബ് ഖാനും സെക്രട്ടറി സുനിൽ തോമസും ആരോപിച്ചു.
നിയമങ്ങൾ പാലിക്കുന്ന ബസുകളിൽ പോലും നിസ്സാര കാര്യങ്ങൾക്ക് വൻ തുക പിഴ ഈടാക്കുന്നുണ്ട്. സ്റ്റിക്കർ പതിച്ചതിന് മാത്രം 7,000 രൂപ വരെ പിഴ ചുമത്തിയ സംഭവം ഇവർ ചൂണ്ടിക്കാട്ടി.
സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന ഇത്തരം നടപടികളിൽ നിന്ന് അധികൃതർ പിന്തിരിയണമെന്നും അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

