കരിപ്പൂർ പോലീസ് സ്റ്റേഷനിലെ മാൽഖാനയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നത് മുൻ സ്റ്റേഷൻ ഹൗസ് ഓഫീസറാണെന്ന് അന്വേഷണ റിപ്പോർട്ട്. നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥൻ രഹസ്യമായി സ്വർണം കൈക്കലാക്കുകയായിരുന്നുവെന്ന് കൊണ്ടോട്ടി എഎസ്പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
2018 മുതൽ വിവിധ കാലയളവിലായി നാട്ടുകാർ കണ്ടെത്തി പോലീസിനെ ഏൽപ്പിച്ച എട്ടു പവനിലധികം സ്വർണമാണ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായത്. ഉടമകൾക്ക് തിരികെ നൽകുന്നതിനായി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.
എസ്പിയുടെ നിർദ്ദേശപ്രകാരമാണ് എഎസ്പി വിഷയം വിശദമായി പരിശോധിച്ചത്. മറ്റൊരു കേസിൽ സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥൻ, സ്വർണം മടക്കി നൽകി കുറ്റത്തിൽ നിന്ന് ഒഴിവാകാൻ ശ്രമം നടത്തിയിരുന്നു.
തനിക്ക് അബദ്ധത്തിൽ സംഭവിച്ചതാണെന്നും നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരോട് ഇദ്ദേഹം അഭ്യർത്ഥിച്ചതായാണ് വിവരം. എഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഇപ്പോൾ എസ്പി വഴി ഡിഐജി മുഖാന്തരം ഐജിക്ക് കൈമാറിയിട്ടുണ്ട്.
വിഷയത്തിൽ ഉടനടി തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കരിപ്പൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് നേരത്തെ കരിപ്പൂർ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ സ്വർണം നഷ്ടപ്പെട്ട
സംഭവത്തിലും പോലീസ് ഉദ്യോഗസ്ഥൻ തന്നെ പ്രതിയായത് സേനയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

