സംസ്ഥാനത്ത് മഴക്കെടുതികൾ മുൻനിർത്തി വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ സംസ്ഥാനത്ത് പ്രത്യേക അലർട്ടുകൾ നിലവിലില്ലെങ്കിലും, മെയ് 31-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ വീണ്ടും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
വരും ദിവസങ്ങളിൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശം, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം മുന്നേറും. നിലവിൽ തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലും, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്നാട് തീരത്തിനും മുകളിലും, മധ്യ-കിഴക്കൻ – തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലുമായി വിവിധ ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്.
ഇതിന്റെ സ്വാധീനഫലമായി മെയ് 29, 31 തീയതികളിലും ജൂൺ 1, 2 തീയതികളിലും കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മെയ് 29 മുതൽ ജൂൺ 2 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ വ്യാപകമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

