സാധാരണയായി പരാതികളും കേസുകളും കൈകാര്യം ചെയ്യുന്ന ഇടമെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനുകളെ പൊതുജനം കാണാറുള്ളത്. എന്നാൽ, ഈ ധാരണ തിരുത്തിക്കൊണ്ട് പഠന സൗകര്യങ്ങൾ കുറവുള്ള വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മാറുകയാണ് പെരുവന്താനം പൊലീസ്.
സ്റ്റേഷന്റെ മുൻവശത്തായി സജ്ജീകരിച്ചിരിക്കുന്ന ‘കരുതൽ പെട്ടി’യിലൂടെയാണ് ഈ വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനം നടപ്പിലാക്കുന്നത്. സ്റ്റേഷനിലെത്തുന്നവർ ആദ്യം ശ്രദ്ധിക്കുന്നത് ഈ പെട്ടിയാണ്.
ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന കുറിപ്പും പെട്ടിക്ക് മുകളിലുണ്ട്. ഇതോടെ, സ്വന്തം ഇഷ്ടപ്രകാരം പുസ്തകങ്ങൾ, ബാഗുകൾ, പേനകൾ തുടങ്ങിയ പഠനോപകരണങ്ങൾ വാങ്ങി നാട്ടുകാർ തന്നെ പെട്ടിയിൽ നിക്ഷേപിക്കുന്നു.
നിർബന്ധിത പിരിവുകളില്ലാതെ തികച്ചും സന്നദ്ധ സേവനത്തിലൂടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഈ സഹായങ്ങൾ ലഭ്യമാക്കുന്നത്.
കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ ഉദ്യമം വൻ വിജയമായിരുന്നു. ഇതിനകം പത്ത് സ്കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ എത്തിച്ചു നൽകാൻ പൊലീസിന് സാധിച്ചു.
തങ്ങൾ നൽകുന്ന സഹായങ്ങൾ കൃത്യമായി അർഹരിലേക്ക് എത്തുന്നുവെന്ന വിശ്വാസമുള്ളതിനാൽ വലിയ തോതിലുള്ള പിന്തുണയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ ശേഖരിച്ച മുഴുവൻ പഠനോപകരണങ്ങളും അർഹരായ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

