സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാകുന്നു. ബോർഡ് വരുത്തിയ സാങ്കേതിക പിഴവുകൾ കാരണം മാർക്കിൽ കുറവുണ്ടായെന്നും, ഇത് പരിഹരിക്കാൻ പുനർ മൂല്യനിർണയത്തിലൂടെ ഗ്രേസ് മാർക്ക് അനുവദിക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തിയിരുന്നു. ഒഎസ്എം മൂല്യനിർണയ രീതിയിൽ പാളിച്ചകൾ സംഭവിച്ചതായി സമ്മതിച്ച മന്ത്രി, വിഷയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കി.
“വിദ്യാർഥികളുടെ ഉത്തര കടലാസ്സുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി. ആശങ്കകൾ പരിഹരിക്കുമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.
അതേസമയം, മൂല്യനിർണയത്തിന് കരാർ നൽകിയ കോയെംപ്റ്റ് (COEMPT) എന്ന സ്ഥാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. രാഹുൽഗാന്ധിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തെലങ്കാന, കർണാടക തുടങ്ങിയ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതേ കമ്പനിയുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും, അങ്ങനെയെങ്കിൽ വിവാദ കമ്പനിയാണെന്ന് ആരോപിക്കുന്നവർ എന്തുകൊണ്ട് ആ സംസ്ഥാനങ്ങളിൽ കരാർ നൽകിയെന്നും തിരിച്ചുചോദിച്ചു.
വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഗണിച്ച് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജിൻഡാൽ സിബിഎസ്ഇക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഭാവിയിൽ ഒഎസ്എം സംവിധാനം നടപ്പിലാക്കുന്നതിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയം സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

