തുരങ്കപാത പരിസ്ഥിതി നാശമുണ്ടാക്കും; നീതിപീഠത്തെ സമീപിക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി
കോഴിക്കോട് ∙ ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത ജൈവപ്രാധാന്യമുള്ള വയനാടിന്റെ പരിസ്ഥിതിക്ക് കനത്തനാശമുണ്ടാക്കുമെന്ന് പരിസ്ഥിതി സ്നേഹികൾ. പരിസ്ഥിതിലോല പ്രദേശത്ത് മലതുരന്നു നടത്തുന്ന നിർമാണം മേഖലയുടെ ജൈവവ്യവസ്ഥയെ ബാധിക്കുമെന്നും തുരങ്കപാത നിർമാണത്തിനെതിരെ നീതിപീഠത്തെ ഉടൻ സമീപിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ.ബാദുഷ മനോരമ ഓൺലൈനോട് പറഞ്ഞു.
Also Read
കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചാണ് തുരങ്കപാതയ്ക്ക് അനുമതി നേടിയത്. ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ വേണ്ട
പഠനം നടത്താതെയാണ് ഇതുസംബന്ധിച്ച് നിയോഗിച്ച സമിതി മുൻപ് റിപ്പോർട്ട് സമർപ്പിച്ചത്. അന്നും അതിനെതിരെ പരിസ്ഥിതിസ്നേഹികൾ രംഗത്തുവന്നിരുന്നു.
മേഖലയിലെ ആനത്താരകൾ, പദ്ധതിപ്രദേശത്തു മാത്രമുള്ള ‘ബാണാസുര ചിലപ്പൻ’ എന്ന പക്ഷികളുടെ സംരക്ഷണം തുടങ്ങിയവ പരിസ്ഥിതി പ്രവർത്തകർ സൂചിപ്പിച്ചെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. ചൂരൽമല, പുത്തുമല, കവളപ്പാറ തുടങ്ങി ഒട്ടേറെ ഉരുൾപൊട്ടൽ ദുരന്തങ്ങളുണ്ടായ മേഖലയിൽ നടത്തുന്ന തുരങ്കപാത നിർമാണം കൂടുതൽ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്നത് ഉറപ്പാണ്.
Also Read
തുരങ്കനിർമാണത്തിനായി പാറപൊട്ടിച്ചും ഭൂമിതുരന്നും നടത്തുന്ന പ്രവർത്തനങ്ങൾ മലയ്ക്കുളളിലും പുറത്തുമുള്ള നീരുറവകളുടെ സ്വാഭാവികഗതിക്കും മാറ്റമുണ്ടാക്കും.
ഇത് മേഖലയുടെ പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് കോട്ടമുണ്ടാക്കും. ജനവാസമേഖലകളിൽ ഉണ്ടായതും പുറത്തറിഞ്ഞതുമായ ഉരുൾപൊട്ടലുകളെക്കാളേറെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്രദേശങ്ങളിൽ ഉണ്ടായിട്ടുണ്ടെന്ന് ഈ പ്രദേശത്തെ ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചാൽ വെളിപ്പെടും.
വേണ്ടത്ര പരിസ്ഥിതി പഠനം കൂടാതെ കോടികൾ ചെലവിട്ട് കേരളത്തിൽ നടപ്പാക്കുന്ന ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞും വയൽപ്രദേശങ്ങളിൽ പാത തകർന്നും ഉണ്ടായ പ്രശ്നങ്ങൾ കാണാതെ പോകരുത്. ഇതിനിടെയാണ് ജൈവമേഖലയായ വയനാട്ടിൽ പരിസ്ഥിതി നാശം കൃത്യമായി വിലയിരുത്താതെ വമ്പൻ തുരങ്കനിർമാണത്തിന് ഒരുങ്ങുന്നത്.
Also Read
തുരങ്കപാത നൽകുമെന്നു പ്രതീക്ഷിക്കുന്ന ഗതാഗതനേട്ടങ്ങൾ മാത്രം വിലയിരുത്തി ഇവിടുത്തെ പരിസ്ഥിതി പ്രവർത്തകരെ ഒറ്റപ്പെടുത്തുന്ന രീതിയാണ് ഭൂരിപക്ഷം പേരും നടത്തുന്നതെന്നും ബാദുഷ വിശദീകരിച്ചു.
ചുരം റോഡിൽ ഗതാഗതപ്രശ്നമുണ്ടെന്നത് പരിസ്ഥിതി പ്രവർത്തകരും ഉൾക്കൊള്ളുന്നുവെന്നത് മനസ്സിലാക്കണം. തുരങ്കപാതയ്ക്കായി ചെലവഴിക്കാൻ ഒരുങ്ങുന്നതിന്റെ നാലിലൊന്നു തുക ചെലവാക്കിയാൽ വീതി കൂട്ടിയും സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തിയും നിലവിലെ ചുരം റോഡ് തന്നെ ഗതാഗതപ്രശ്നങ്ങളില്ലാതെ വിനിയോഗിക്കാനാകും.
Also Read
ചുരം റോഡ് വികസനത്തിനായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം അനുവദിച്ച ഭൂമി ഇനിയും വിനിയോഗിച്ചിട്ടില്ല.
ഇത് ഉപയോഗിച്ചാൽതന്നെ ചുരം റോഡിൽ നിലവിലുള്ള ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാം. തുരങ്കപാത വരുന്നത് വിനോദസഞ്ചാരമേഖലയ്ക്കും ഉപകാരപ്പെടില്ലെന്നത് മനസ്സിലാക്കണം.
മേഖലയുടെ ജൈവ പരിതസ്ഥിതി താറുമാറായാൽ അത് വിനോദസഞ്ചാരത്തെയും ബാധിക്കും. തുരങ്കപാതയിലൂടെ സഞ്ചരിച്ചുപോകുന്നതിൽ ഉപരിയായി വയനാട്ടിലെ ചുരങ്ങളിലൂടെയും മറ്റും സഞ്ചരിച്ച് മനോഹാരിത നുകരാനാണ് സഞ്ചാരികൾ ശ്രമിക്കുകയെന്നതും ഓർക്കണമെന്നും ബാദുഷ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

