പയ്യോളി, കോഴിക്കോട്: ഏഴു മാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി താരയിൽ വിരുന്നുകണ്ടി ഷമീമയുടെ (28) മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബത്തിന്റെ പരാതി.
മകളെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് മാതാവ് അസ്മ നേരിട്ട് അന്വേഷിച്ച് ചെന്നപ്പോഴായിരുന്നു സംഭവം അറിഞ്ഞത്. ഒന്നര മാസം മുൻപാണ് ഈ സംഭവം നടക്കുന്നത്.
തുടർന്ന് ഷമീമയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ഒന്നര മാസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണു മരണം സംഭവിച്ചത്.
വയറ്റിലെന്തോ കറുത്ത വസ്തു കണ്ടതായും വിഷം ഉള്ളില്‍ച്ചെന്നോയെന്ന് സംശയമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി കുടുംബം പറയുന്നു. പിന്നാലെ തലച്ചോറിനുള്‍പ്പെടെ ക്ഷതം സംഭവിച്ചതായും അറിഞ്ഞു.
ഭർത്താവ് അരിക്കുളം സ്വദേശി നവാസ് ഭാര്യ ഷമീമയെ നിരന്തരം ശാരീരിക – മാനസിക പീഡനങ്ങൾ ഏൽപിച്ചതായി യുവതിയുടെ ബന്ധുക്കൾ ഗുരുതര ആരോപണം ഉന്നയിച്ചു. ഒരു വര്‍ഷം മുന്‍പ് ആദ്യവിവാഹത്തിലെ മകളുടെ മുന്‍പിലിട്ട് ഷമീമയെ കൊലപ്പെടുത്താനും നവാസ് ശ്രമിച്ചിരുന്നു.
ഓട്ടോയുമായി വന്ന് ഇയാള്‍ യുവതിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അന്ന് കൈകള്‍ക്കും കാലിനും സാരമായി പരുക്കേറ്റിരുന്നു.
ആ സമയത്ത് കുടുംബാംഗങ്ങൾ ഒത്തുചേർന്ന് സംസാരിച്ച് പ്രശ്നം പരിഹരിച്ച് വിട്ടെങ്കിലും നവാസിന്റെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ല. ഷമീമ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മൂന്നു ദിവസം വന്നുപോയതല്ലാതെ പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബാംഗങ്ങൾ വെളിപ്പെടുത്തുന്നു.
മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഷമീമയുടെ ഫോൺ കൈവശം വച്ച സഹോദരൻ ഷാമിലിനെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊയിലാണ്ടി കുറുവങ്ങാട് വച്ച് മർദിച്ചിരുന്നു. ഈ സംഭവത്തിൽ ഷാമിലിന്റെ കൈയ്ക്കു 4 തുന്നലുകൾ വേണ്ടിവന്നു.
ഷമീമയുടെ മരണത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയ ബന്ധുവിനെതിരെ ഭർത്താവ് നവാസ് വധഭീഷണി മുഴക്കിയതായും കുടുംബം പറയുന്നു. നവാസിന്റേതും ഷമീമയുടേതും പ്രണയവിവാഹമായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷമീമയുടെ കുടുംബം കൊയിലാണ്ടി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

