സംസ്ഥാന സ്കൂൾ കായികമേളയിൽ പുതിയ റെക്കോർഡുകളുടെ തിളക്കത്തിൽ മത്സരങ്ങൾ പുരോഗമിക്കുന്നു. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിൽ മീറ്റ് റെക്കോർഡോടെ ആലപ്പുഴയുടെ അതുൽ ടി എം കായികമേളയിലെ വേഗതാരമായി മാറി.
ചാരമംഗലം ഗവ. ഡി വി എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിയായ അതുൽ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഈ വിഭാഗത്തിൽ 15 വർഷം പഴക്കമുള്ള റെക്കോർഡാണ് അതുൽ തിരുത്തിക്കുറിച്ചത്. 2011-ൽ കോതമംഗലം മാർബേസിൽ എച്ച് എസ് എസിലെ ജിജിൻ വിജയൻ 10.7 സെക്കൻഡിൽ ഫിനിഷ് ചെയ്തതിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
മത്സരത്തിൽ ശ്രീഹരി സി വെള്ളിയും ട്രോയ് എം എസ് വെങ്കലവും കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് വി എം എച്ച് എസ് വടവന്നൂർ താരം ഋതുപര്ണ 12.43 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ജേതാവായി.
ഈ വിഭാഗത്തിൽ ശ്രേയ ആർ വെള്ളിയും സരയു ലക്ഷ്മി വെങ്കലവും സ്വന്തമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 12.29 സെക്കൻഡിൽ ഫിനിഷ് ചെയ്ത തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂൾ താരം ജിൽഷ ജിനിൽ മേളയുടെ വേഗറാണിയായി മാറി.
വിവിധ വിഭാഗങ്ങളിലെ മറ്റ് മത്സരഫലങ്ങൾ: ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ ആലപ്പുഴയുടെ മിലൻ ജോർജ് (11.02) ഒന്നാം സ്ഥാനം നേടി. കോട്ടയത്തിന്റെ വിഷാനു യാദവ് (11.07) വെള്ളിയും തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ ഗൗരേഷ് ബിനോയ് (11.27) വെങ്കലവും നേടി.
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ജി വി രാജ സ്കൂളിലെ ജിൽഷ ജിനിൽ സ്വർണം കരസ്ഥമാക്കിയപ്പോൾ, പാലക്കാട് ബി ഇ എം എച്ച് എസ് എസിലെ ആൻവി വെള്ളിയും ആലപ്പുഴ സെന്റ് ജോസഫ് ജി എച്ച് എസ് എസിലെ സ്നേഹ ശ്യാം വെങ്കലവും നേടി. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി എം 12.01 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി.
മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂളിലെ മുഹമ്മദ് ഇസാൻ വെള്ളിയും കോഴിക്കോട് മേപ്പയ്യൂർ ജി വി എച്ച് എസ് എസിലെ ഫസൽ മുഹമ്മദ് വെങ്കലവും സ്വന്തമാക്കി. സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ജി വി രാജ സ്കൂളിലെ സങ്കീർത്തന എസ് 13.10 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണമെഡൽ അണിഞ്ഞു.
ആലപ്പുഴ സെന്റ് ജോസഫ് ജി എച്ച് എസ് എസിലെ ഹർഷ ജോൺ വെള്ളിയും ആലപ്പുഴ ഗവ. യു പി എസ് ടിയിലെ സ്നേഹ എസ് വെങ്കലവും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

