വഡോദര: സിംബാബ്വെ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ പൂർണ്ണമായും സ്വന്തമാക്കി. വഡോദരയില്‍ നടന്ന ആവേശകരമായ മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ആതിഥേയരുടെ വിജയം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സന്ദര്‍ശകര്‍ 39.5 ഓവറില്‍ 131 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനമാണ് സിംബാബ്വെ ബാറ്റിംഗ് നിരയെ തകര്‍ത്തത്.
മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ വനിതകള്‍ 17 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. യസ്തിക ഭാട്ടിയ (0), ഹര്‍ലീന്‍ ഡിയോള്‍ (19) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരിട്ട ആദ്യ പന്തില്‍ തന്നെ ഭാട്ടിയ പുറത്തായി.
ഒമ്പതാം ഓവറില്‍ ഹര്‍ലീനും പവലിയനിലേക്ക് മടങ്ങി. എങ്കിലും, പ്രതിക റാവല്‍ (59), ഷഫാലി വര്‍മ (51) എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറികള്‍ ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു.
ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെറും 26 പന്തുകള്‍ മാത്രം നേരിട്ട
ഷഫാലി മൂന്ന് സിക്സും ആറ് ഫോറും പറത്തി. പ്രതികയുടെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും നാല് ഫോറുമുണ്ടായിരുന്നു.
നേരത്തെ, സിംബാബ്വെ നിരയില്‍ 37 റണ്‍സ് എടുത്ത മൊഡസ്റ്റര് മുപാചിക്വാ, ജോസഫിന് എന്‍കോമോ (35) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്.
ചീഡ്സ ദുരുരു (20), ന്യാഷ ഗ്വാന്‍സുര (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ വൈഷ്ണവിക്ക് പുറമെ ക്രാന്തി ഗൗദ്, സയാലി സത്ഗാരെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

