കൊച്ചി ചേരാനല്ലൂരിൽ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ ജയബാലകൃഷ്ണൻ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും നിയമപോരാട്ടം നടത്തുമെന്ന് ഹൈബി ഈഡൻ എംപി വ്യക്തമാക്കി.
ദുരന്തമുണ്ടായ ദിവസം തന്നെ ജയബാലകൃഷ്ണന്റെ വസതി സന്ദർശിച്ച എംപിയും ടി.ജെ.വിനോദ് എംഎൽഎയും കുടുംബത്തിന് ആവശ്യമായ മുഴുവൻ നിയമസഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി നിലവിലെ സാഹചര്യം വിലയിരുത്താനും കുടുംബത്തിന് ആശ്വാസം പകരാനുമാണ് എംപി വീണ്ടും വീട് സന്ദർശിച്ചത്.
കേസിന്റെ പ്രാരംഭ ഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചകളുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ശക്തമായ ഇടപെടലുകൾ നടന്നിരുന്നു. ഇതിന്റെ ഫലമായി സിറ്റി പൊലീസ് കമ്മിഷണറെ അടക്കം സ്ഥാനത്തുനിന്ന് മാറ്റുന്ന നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി.
ഈ ദാരുണ സംഭവത്തിന് കാരണക്കാരായ യഥാർഥ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എംപി വ്യക്തമാക്കി. തെറ്റ് ചെയ്തവർ എത്ര ഉന്നതതലത്തിലുള്ളവരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് ഹൈബി ഈഡൻ ഉറപ്പുനൽകി.
നിരാലംബരായ ഈ കുടുംബത്തിന് മാന്യമായ നീതി ലഭിക്കുന്നത് വരെ ജനപ്രതിനിധികൾ പൂർണ്ണ പിന്തുണയോടെ ഒപ്പമുണ്ടാകും. ഈ വിഷയത്തിലെ മുഴുവൻ വിവരങ്ങളും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, നിയമസഭാ സമ്മേളനം അവസാനിച്ചാലുടൻ രണ്ടുപേരും ജയബാലകൃഷ്ണന്റെ ഭവനം സന്ദർശിക്കുമെന്നും എംപി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

