സംസ്ഥാനത്തെ റോഡുകളിൽ അപകടങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയുള്ള പരിശോധന കർശനമാക്കി പൊലീസ്. ലഭിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ 15 ദിവസത്തിനിടെ സംസ്ഥാനത്താകെ മദ്യപിച്ച് വാഹനമോടിച്ച 14,983 പേർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിട്ടുള്ളത്.
നെടുമ്പാശേരിയിൽ അമിതമായി മദ്യപിച്ച് പത്തൊൻപതുകാരൻ ഓടിച്ച കാറിടിച്ച് മൂന്നു യുവാക്കൾ മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് കേരള പൊലീസ് പരിശോധനകൾ കൂടുതൽ ഊർജിതമാക്കിയത്. വ്യത്യസ്ത ജില്ലകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എറണാകുളം ജില്ലയിലാണ്.
എറണാകുളം റൂറലിൽ മാത്രം കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 1556 പേരെയാണ് മദ്യപിച്ചു വാഹനമോടിച്ച് പിടികൂടിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.
മറ്റു പ്രധാന ജില്ലകളിലെ കണക്കുകൾ ഇങ്ങനെയാണ്:
കൊച്ചി സിറ്റി – 885 പേർ
തിരുവനന്തപുരം സിറ്റി – 810 പേർ
തിരുവനന്തപുരം റൂററൽ – 1054 പേർ
കൊല്ലം സിറ്റി – 1011 പേർ
കോട്ടയം – 1187 പേർ
ഇടുക്കി – 1066 പേർ
അതേസമയം, വടക്കൻ മേഖലകളിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ താരതമ്യേന കുറവുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു.
കോഴിക്കോട് സിറ്റി – 355 പേർ
കോഴിക്കോട് റൂററൽ – 455 പേർ
വയനാട് – 423 പേർ
കണ്ണൂർ സിറ്റി – 435 പേർ
കണ്ണൂർ റൂററൽ – 339 പേർ
കാസർകോട് – 209 പേർ എന്നിങ്ങനെയാണ് വടക്കൻ ജില്ലകളിലെ കണക്കുകൾ. റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

