ഉത്തര കേരളത്തിലെ പ്രധാന കൂത്തമ്പലങ്ങളിലൊന്നായ കരിവെള്ളൂർ ശിവക്ഷേത്രത്തിൽ കൂത്തുത്സവത്തിനുള്ള ഒരുചടങ്ങുകൾ പുരോഗമിക്കുന്നു. തുലാം സംക്രമം മുതൽ വൃശ്ചിക സംക്രമ ദിനം വരെ നീളുന്ന ഒരു മാസക്കാലമാണ് ഇവിടെ കൂത്തുത്സവം നടക്കുന്നത്.
തെച്ചിമാലയണിഞ്ഞ്, മുഖത്ത് ചായില്യം തേച്ച്, കയ്യിൽ ശൂലവും കപാലവുമേന്തി, മഞ്ഞൾപ്പൊടി കൊണ്ട് ഗംഗാദേവിയുടെ രൂപം വരച്ചുണ്ടാക്കിയ തുണികൊണ്ടുള്ള കിരീടവും ധരിച്ചുള്ള കപാലി വേഷത്തിലാണ് മത്തവിലാസം കൂത്ത് അരങ്ങിലെത്തുന്നത്. കൂത്തിനായി കയ്യിലേന്തുന്ന വിശേഷപ്പെട്ട
ശൂലം നിർമിച്ച് നൽകുന്നത് ഓണക്കുന്ന് തോട്ടിച്ചാലിലെ വലിയ വീട് തറവാട്ടുകാരാണ്. വലിയ വീട്ടിൽ ദാമോദരൻ, കെ.വി.മുരളി എന്നിവരാണ് ഈ ശൂലം ഒരുക്കുന്നത്.
മംഗലപ്പാല ഉപയോഗിച്ചാണ് ശൂലത്തിന്റെ നിർമാണം. മത്തവിലാസം കൂത്ത് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുൻപ് വ്രതശുദ്ധിയോടെ പാലമരം മുറിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു.
തുടർന്ന് ശൂലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. നിർമാണം പൂർത്തിയായാൽ ശൂലം വീട്ടിൽ സൂക്ഷിക്കാൻ പാടില്ല എന്നാണു ആചാരം.
അതിനാൽ വൈകിട്ടോടെ പണി പൂർത്തിയാക്കി ശൂലം ശിവക്ഷേത്രത്തിൽ സമർപ്പിക്കുന്നു. ക്ഷേത്രത്തിലേക്ക് ശൂലവുമായി പോകുമ്പോൾ ഉളിയും മരക്കോലും കയ്യിൽ കരുതണമെന്നാണ് അനുഷ്ഠാനം.
ഓരോ ദിവസം നടക്കുന്ന മത്തവിലാസം കൂത്തിനും പ്രത്യേകം ശൂലം ആവശ്യമാണ്. 21 ഇഞ്ച് നീളവും 2.5 ഇഞ്ച് വീതിയുമുള്ളതാണ് ഓരോ ശൂലവും.
കൂത്ത് കഴിപ്പിക്കുന്ന ഭക്തർക്ക് ഈ ശൂലം നൽകുന്നതാണ് ഇവിടുത്തെ കീഴ്വഴക്കം. പാലമരം കൊണ്ട് നിർമിക്കുന്നതിനാൽ ഈ ശൂലങ്ങൾ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.
തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് കർശന വ്രതശുദ്ധിയോടെയാണ് ശൂല നിർമാണം പൂർത്തിയാക്കുന്നത്. വർഷങ്ങളുടെ പഴക്കമുള്ള ഈ പാരമ്പര്യ ആചാരം ഇന്നും യാതൊരു മുടക്കവുമില്ലാതെ തുടർന്നുവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

