നീതിക്കുവേണ്ടി സമാനതകളില്ലാത്ത നിയമപോരാട്ടവുമായി ഭദ്രകീർത്തിയും സഹോദരങ്ങളും. കഴിഞ്ഞ മൂന്ന് ദിവസമായി ചേരാനല്ലൂരിലെ ജയബാലകൃഷ്ണന്റെ കുടുംബത്തിനൊപ്പമായിരുന്നു പൊതുസമൂഹം നിലകൊണ്ടത്.
പിതാവിന്റെ ചിത കത്തിയെരിഞ്ഞുതീരും മുൻപ് നീതിതേടി മക്കൾക്ക് പൊലീസ് സ്റ്റേഷന്റെ പടി കയറേണ്ടി വന്ന സാഹചര്യം അതീവ ദയനീയമായിരുന്നു. എന്നാൽ, ഇതിനിടയിൽ കുറ്റക്കാർ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് കിട്ടാതെ പോയ നീതി നിയമപരമായി നേടിയെടുക്കാൻ മക്കൾ തീരുമാനിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന്റെ സർവ്വ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും മീതെയാണ് ലൈസൻസില്ലാത്ത കൗമാരക്കാരന്റെ അതിവേഗ കാറോട്ടം ദുരന്തമായി വന്നെത്തിയത്.
നീതിയുടെ വാതിലുകൾ തള്ളിത്തുറന്നു മുന്നോട്ട് പോകാൻ ഉറച്ചാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ നീക്കം. ഇതിന്റെ ഭാഗമായി ഈ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
ചിറ്റൂരിലെ ജയബാലകൃഷ്ണന്റെ തട്ടുകടയുടെ മുന്നിൽ അദ്ദേഹത്തിന്റെ മരണത്തിൽ ആദരമർപ്പിച്ചുകൊണ്ടും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഈ കുടുംബം താണ്ടിയ സങ്കടക്കടലിന്റെ ആഴം മനസ്സിലാക്കുന്ന ഏതൊരാളുടെയും ഉള്ളുലയുന്നതാണ് ഇവിടുത്തെ കാഴ്ചകൾ.
വീട്ടിലേക്കുള്ള അവസാന യാത്രയിലും ജയബാലകൃഷ്ണന്റെ കയ്യിലുണ്ടായിരുന്നത് അരിയും മറ്റ് സാധനങ്ങളുമായിരുന്നു. തന്റെ കുടുംബത്തോടുള്ള ആ കരുതൽ മാത്രമാണ് അപകടത്തിൽ റോഡിൽ ചിതറിക്കിടന്നത്.
രാവിനെ പകലാക്കി കഷ്ടപ്പെട്ട്, യാതൊരു ദുരിതങ്ങളും കുടുംബത്തെ അറിയിക്കാതെ സംരക്ഷിച്ചിരുന്ന ആ സ്നേഹനിധിയായ നാഥന്റെ വേർപാടിൽ താമരമുക്ക് പുത്തൻപറമ്പിൽ വീട്ടിലെ തേങ്ങൽ ഇതുവരെ അടങ്ങിയിട്ടില്ല. ചേരാനല്ലൂർ ചിറ്റൂരിലെ കൊച്ചു വീടിനുള്ളിൽ ഇന്നലെ ജയബാലകൃഷ്ണന്റെ മരണാനന്തര ചടങ്ങുകൾ നടന്നു.
കഴിഞ്ഞ 30 വർഷത്തിലേറെയായി ചിറ്റൂരിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മാഞ്ഞാലിയിൽ വാടകയ്ക്കു താമസിച്ചിരുന്ന വീട് പിന്നീട് അദ്ദേഹം വിലകൊടുത്തു വാങ്ങുകയായിരുന്നു.
ഏതാനും മാസം മുൻപാണ് മകൾ ഭദ്രകീർത്തിക്ക് ജോലി ലഭിച്ചത്. ആ സന്തോഷം പൂർണ്ണമാകും മുൻപാണ് പിതാവിന്റെ വേർപാട് ആ കുടുംബത്തെ തകർത്തു കളഞ്ഞത്.
അച്ഛന് ഇനി സ്വസ്ഥമായി വിശ്രമിക്കാൻ അവസരമൊരുക്കണമെന്ന തന്റെ ആഗ്രഹം നടപ്പായില്ലെന്ന വലിയ ദുഃഖത്തിലാണ് മകൾ ഈ പോരാട്ടം തുടരുന്നത്.

