കായികമേളയിലെ മികച്ച പ്രകടനത്തിലൂടെ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാമെന്ന പ്രതീക്ഷയോടെയാണ് പാലക്കാടുകാരിയായ ജി. അക്ഷയ 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്കെത്തിയത്.
സീനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അക്ഷയ തന്റെ സ്വപ്നത്തിലേക്കുള്ള ദൂരം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഓലമേഞ്ഞ ഒറ്റമുറി വീട്ടിൽ അന്തിയുറങ്ങുന്ന ഈ മിടുമിടുക്കി, മറ്റൊരാളിൽ നിന്ന് കടംവാങ്ങിയ സ്പൈക്ക് ഷൂ അണിഞ്ഞാണ് ട്രാക്കിൽ സുവർണ വിജയം കുറിച്ചത് എന്നത് ശ്രദ്ധേയമാണ്.
ഒപ്പമുള്ള സ്കൂൾ താരമായ അതുലിന്റെ സ്പൈക്ക് കടം വാങ്ങിയാണ് അക്ഷയ മത്സരത്തിനിറങ്ങിയത്. മത്സരം കഴിഞ്ഞയുടൻ, അതുലിന്റെ ഇനം ആരംഭിക്കാനിരുന്നതിനാൽ സ്പൈക്ക് കൈമാറാൻ അക്ഷയ ഓടിയെത്തുകയും ചെയ്തു.
പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി ആർ.പി.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ജി. അക്ഷയ.
ഈ സുവർണ നേട്ടം തന്റെ കുടുംബത്തിന്റെ ദുരിതങ്ങൾ സർക്കാരിന്റെയോ മറ്റ് സുമനസ്സുകളുടെയോ ശ്രദ്ധയിൽപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് താരവും ഒപ്പമുള്ളവരും. ട്രാക്ടർ ഡ്രൈവറായ ഗുരുവായൂരപ്പൻ ആണ് അക്ഷയയുടെ അച്ഛൻ.
മുൻപ് കൂലിപ്പണിക്ക് പോയിരുന്ന അമ്മ, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിലവിൽ വിശ്രമത്തിലാണ്. കഴിഞ്ഞ വർഷം നടന്ന മത്സരങ്ങളിൽ സീനിയർ വിഭാഗം 3000 മീറ്ററിൽ രണ്ടാം സ്ഥാനവും, നാല് കിലോമീറ്റർ ക്രോസ് കൺട്രിയിലും 1500 മീറ്റർ ഓട്ടത്തിലും മൂന്നാം സ്ഥാനവും അക്ഷയ സ്വന്തമാക്കിയിരുന്നു.
കോച്ച് ബിജു വാസുദേവന് ഒപ്പമാണ് അക്ഷയ മത്സരവേദിയിൽ എത്തിയത്. സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്താൻ സാധിക്കാത്ത ഘട്ടങ്ങളിൽ, മണിക്കൂറുകൾ യാത്ര ചെയ്ത് പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ എത്തിയാണ് ഈ യുവതാരം പരിശീലനം തുടരുന്നത്.
കാലിക്കറ്റ് സർവകലാശാല മത്സരങ്ങളിൽ ലോംഗ് ജംപ്, ട്രിപ്പിൾ ജംപ് ഇനങ്ങളിൽ സ്വർണ മെഡൽ ജേതാവാണ് പരിശീലകനായ ബിജു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

