ഡല്‍ഹിയില്‍ റോഡ് പരിശോധനയ്ക്കിടയില്‍ യുവാവിന്റെ മുഖത്തടിച്ച സംഭവത്തില്‍ മന്ത്രി പര്‍വേഷ് വര്‍മ്മയ്ക്കെതിരെ ഔദ്യോഗിക നടപടി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് പര്‍വേഷ് വര്‍മ്മയ്ക്കെതിരെ നോണ്‍-കോഗ്നിസബിള്‍ റിപ്പോര്‍ട്ട് (എന്‍സിആര്‍) രജിസ്റ്റര്‍ ചെയ്തു.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 115 ചുമത്തിയാണ് ഡല്‍ഹി പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വികാസ്പുരിയില്‍ റോഡ് പരിശോധന നടക്കുന്നതിനിടയിലാണ് വിവാദമായ സംഭവം അരങ്ങേറിയത്.
തിലക് റോഡില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുയായിരുന്നു മന്ത്രി പര്‍വേഷ് വര്‍മ്മ. ഈ സമയം ഔദ്യോഗിക നടപടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരു യുവാവിന്റെ പക്കല്‍ നിന്നും മന്ത്രി ഫോണ്‍ ബലമായി പിടിച്ചെടുക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.
റോഡിന്റെ വശങ്ങള് തകര്‍ന്നുവീഴുന്ന സ്ഥിതി യുവാവ് ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് മന്ത്രി പ്രകോപിതനായതും മര്‍ദിച്ചതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. മന്ത്രി യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് യുവാവിന്റെ കുടുംബം പൊലീസില്‍ ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചത്. പരാതി വിശദമായി പരിശോധിച്ച ശേഷമാണ് ഡല്‍ഹി പൊലീസ് കര്‍ശന നടപടിയിലേക്ക് കടന്നത്.
എന്‍സിആര്‍ ഫയല്‍ ചെയ്ത സാഹചര്യത്തില്‍ തുടര്‍ അന്വേഷണത്തിനായി മജിസ്ട്രേറ്റിന്റെ അനുമതി ആവശ്യമാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് മന്ത്രിക്ക് നേരെ ഉയര്‍ന്നത്.
തുടര്‍ന്ന് പ്രതിഷേധ സാധ്യതകള്‍ മുന്നില്‍ക്കണ്ട് മന്ത്രിയുടെ സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. അതിനിടയില്‍ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രിയും രംഗത്തെത്തിയിരുന്നു.
യുവാവ് തന്നേയും കുടുംബത്തേയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും, തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള വികാരവിക്ഷോഭത്തിലാണ് യുവാവിന്റെ മുഖത്തടിച്ച് പോയെന്നുമാണ് മന്ത്രിയുടെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

