സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനമായി നൽകുന്ന തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിയുടെ ഉദ്ഘാടനം ഉടൻ നടക്കും. മുഖ്യമന്ത്രി സി ജോസഫ് വിജയ് മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ വെച്ച് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളായ ജോയ് ആലുക്കാസ്, കല്യാൺ ഗ്രൂപ്പുകൾ എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ മധുര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി വിജയ്, റോഡ് മാർഗമാണ് രാജാജി ഗവ.
ആശുപത്രിയിലേക്ക് എത്തുന്നത്. സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജനിക്കുന്ന അർഹരായ നവജാത ശിശുക്കൾക്കാണ് ഈ പദ്ധതിയിലൂടെ സ്വർണ മോതിരം ലഭിക്കുക.
അമ്മമാരുടെയും നവജാത ശിശുക്കളുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി ഇ-കെവൈസി പൂർത്തിയാക്കിയ ആധാർ കാർഡും ഔദ്യോഗിക തിരിച്ചറിയൽ രേഖയോ മേൽവിലാസം തെളിയിക്കുന്ന രേഖയോ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
പദ്ധതി ഔദ്യോഗികമായി ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക്, അവർ ജനിക്കുന്ന ആശുപത്രികളിൽ നിന്ന് തന്നെ സ്വർണ മോതിരം കൈപ്പറ്റാൻ സാധിക്കും. കഴിഞ്ഞ ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പരിധിയിൽ ഉൾപ്പെടും.
അർഹരായവർക്ക് സ്വർണ മോതിരം വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്താകെ 107 വിതരണ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഒരു ദിവസം രാവിലെ 25 പേർക്കും ഉച്ചയ്ക്ക് ശേഷം 25 പേർക്കുമായിരിക്കും മോതിരം വിതരണം ചെയ്യുക. വില്ലേജ് ഹെൽത്ത് നഴ്സുമാർ മുഖേനയാണ് ഗുണഭോക്താക്കൾക്ക് ഇതിനുള്ള ഔദ്യോഗിക ക്ഷണക്കത്ത് നൽകുക.
കത്തിൽ വ്യക്തമാക്കിയിട്ടുള്ള കൃത്യമായ സമയത്ത് മാത്രമേ ഗുണഭോക്താക്കൾ വിതരണ കേന്ദ്രങ്ങളിൽ എത്താവൂ എന്ന് കർശന നിർദ്ദേശമുണ്ട്. രാജാജി ആശുപത്രിയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി വിജയ് ഉച്ചയ്ക്ക് 12:50 ഓടെ പ്രശസ്തമായ ഗാന്ധി മ്യൂസിയം സന്ദർശിക്കും.
തുടർന്ന് വൈകുന്നേരം 3:45ന് ചരിത്രപ്രസിദ്ധമായ മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

