അമേരിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി രണ്ട് ഭീമൻ പാണ്ഡകളെ അമേരിക്കയിൽ എത്തിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നൽകിയ സ്നേഹസമ്മാനമായാണ് പാണ്ഡകളെ അമേരിക്കയിലെ അറ്റ്ലാന്റയിൽ എത്തിച്ചത്.
ബോയിങ് 777 വിമാനത്തിലാണ് ഇവയെ എത്തിച്ചത്. പിങ് പിങ്, ഫു ഷുവാങ് എന്നീ പേരുകളിലുള്ള പാണ്ഡകൾ അറ്റ്ലാന്റയിലെ ഹാർട്സ്ഫീൽഡ്-ജാക്സൺ വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്.
യുഎസ് സന്ദർശനവേളയിൽ പാണ്ഡകളെ അമേരിക്കയിലേക്ക് അയക്കുമെന്ന് ഷി ജിൻപിങ് വ്യക്തമാക്കിയിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്റെ ദൂതന്മാരാണ് ഈ പാണ്ഡകളെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
പാണ്ഡകളെ കൈമാറിയെങ്കിലും അവയുടെ ഉടമസ്ഥാവകാശം പൂർണ്ണമായും ചൈനയിൽ നിക്ഷിപ്തമാണ്. ‘പാണ്ഡ നയതന്ത്രം’ എന്ന നയത്തിന്റെ ഭാഗമായി ഭീമൻ പാണ്ഡകളെ മറ്റ് രാജ്യങ്ങളിലെ മൃഗശാലകൾക്ക് നിശ്ചിത കാലത്തേക്ക് കൈമാറുകയാണ് പതിവ്.
കൂടാതെ, വിദേശരാജ്യങ്ങളിൽ വെച്ച് ജനിക്കുന്ന പാണ്ഡ കുഞ്ഞുങ്ങളുടെ അവകാശവും ചൈനയ്ക്ക് തന്നെയാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ദുർബല വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ് ഭീമൻ പാണ്ഡകൾ.
ലോകത്താകെ നിലവിൽ ഏകദേശം 1900 ഭീമൻ പാണ്ഡകൾ മാത്രമേയുള്ളൂവെന്നാണ് കണക്കാക്കപ്പെടുന്നത്. അറ്റ്ലാന്റ മൃഗശാലയും ചൈനീസ് വൈൽഡ് ലൈഫ് കൺസർവേഷൻ അസോസിയേഷനും തമ്മിലുള്ള പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പിങ് പിങ്, ഫു ഷുവാങ് എന്നീ പാണ്ഡകൾ അടുത്ത 10 വർഷത്തേക്ക് ഇവിടെ തുടരുന്നത്.
ഒരു മാസത്തെ ക്വാറന്റൈൻ നടപടികൾക്ക് ശേഷമാകും ഇവയെ പൊതുജനങ്ങൾക്ക് കാണാൻ അവസരം ലഭിക്കുക. മൃഗശാലയെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞ ദിവസമാണിതെന്നും അറ്റ്ലാന്റ നഗരത്തിനും ജോർജിയ സംസ്ഥാനത്തിനും ഇതൊരു ചരിത്രപരമായ നിമിഷമാണെന്നും സൂ അറ്റ്ലാന്റ പ്രസിഡന്റ് റേമണ്ട് കിംഗ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അറ്റ്ലാന്റ മൃഗശാലയിൽ 1999 മുതൽ 2024 വരെയുള്ള കാലയളവിൽ മറ്റ് പാണ്ടകളെ പാർപ്പിച്ചിരുന്നു. അന്നയുണ്ടായിരുന്ന ലുൻ ലുൻ, യാങ് യാങ് എന്നീ പാണ്ടകളെ 2024 ഒക്ടോബറിലാണ് ചൈനയ്ക്ക് തിരികെ നൽകിയത്.
ഈ കാലയളവിൽ ഇരട്ടക്കുട്ടികൾ ഉൾപ്പെടെ ഏഴ് കുഞ്ഞുങ്ങളാണ് ഇവിടെ ജനിച്ചത്. നിലവിൽ വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ സൂവിലും സാൻ ഡിയാഗോ സൂവിലും ചൈന താൽക്കാലികമായി കൈമാറിയ ഭീമൻ പാണ്ടകൾ കഴിയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

