പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കാലാവസ്ഥ മാറിയിട്ടുണ്ടെന്നും വരുംകാലങ്ങളിൽ തങ്ങളുടെ സർക്കാർ ഗോമാതാവിനെ സംരക്ഷിക്കുമെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി. സന്യാസിമാരെ അപമാനിക്കുന്നവരെ നിയമപരമായി നേരിട്ട് ജയിലിലടയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ ബംഗൂർ ജാഗരൻ മഞ്ച് സംഘടിപ്പിച്ച ഭഗവദ്ഗീത പാരായണ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക വിശ്വാസം പിന്തുടരുന്നതിലോ അത് മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നതിലോ ആരും ഭയപ്പെടേണ്ട
സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘യാതൊരു മടിയും കൂടാതെ ഭഗവദ്ഗീതയും ഹനുമാൻ ചാലിസയും പാരായണം ചെയ്യുകയും വിതരണം ചെയ്യുകയും വേണം.
ഹരേ കൃഷ്ണ മന്ത്രം ജപിക്കുക, ശംഖ് മുഴക്കുക, പേടിക്കേണ്ടതില്ല. ഇവിടെ കാലാവസ്ഥ മാറിയിരിക്കുന്നു.
തൊപ്പി, കുടുമ, ധോത്തി, തുളസി എന്നിവയെ മാനിക്കുന്ന സർക്കാരാണ് ബംഗാളിൽ അധികാരത്തിലുള്ളത്. സന്യാസിമാരെയും ഗുരുക്കന്മാരെയും അവഹേളിക്കുന്നത് വച്ചുപൊറുപ്പിക്കില്ല.
അത്തരക്കാർ ജയിലിൽ പോകേണ്ടി വരും. അടുത്തിടെ ബാഗേശ്വർ ബാബ എന്നറിയപ്പെടുന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ബംഗാൾ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ ചിത്രങ്ങളും കോലങ്ങളും കത്തിച്ച സംഭവത്തിൽ സർക്കാർ ഇതിനകം നടപടിയെടുത്തിട്ടുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.
കശ്മീരിന് സ്വാതന്ത്ര്യം വേണം എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കുന്ന തുക്ഡേ തുക്ഡേ ഗ്യാങ്ങിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എല്ലാവരും ഒത്തൊരുമയോടെ നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുൻ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ആസാദി പരാമർശത്തിനെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു.
ഇന്ത്യയ്ക്ക് 1947ൽ തന്നെ സ്വാതന്ത്ര്യം ലഭിച്ചതാണെന്നും ഇത്തരം പ്രസ്താവനകൾ ആവർത്തിച്ചാൽ രാജ്യത്തെ ദേശീയവാദികൾ ശക്തമായ രീതിയിൽ മമതയ്ക്ക് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

