കളിക്കുന്നതിനിടെ അബദ്ധത്തിൽ 50 ഗ്രാം ഭാരമുള്ള സ്വർണക്കട്ടി വിഴുങ്ങിയ അഞ്ച് വയസുകാരിക്ക് തുണയായത് സമയബന്ധിതമായ വിദഗ്ധ ചികിൽസ. ഏകദേശം നാല് സെന്റിമീറ്റർ നീളമുള്ള സ്വർണക്കട്ടിയാണ് കുട്ടിയുടെ വയറ്റിൽ കുടുങ്ങിയത്.
വടക്കൻ ചൈനയിൽ നടന്ന ഈ അപൂർവ്വ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും കൗതുകകരമായ കുറിപ്പുകൾക്കും വഴിവെച്ചിരിക്കുകയാണ്. ഓഗസ്റ്റ് 16-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
സ്വർണക്കട്ടി വിഴുങ്ങി ഏകദേശം ആറു മണിക്കൂറുകൾ പിന്നിട്ട ശേഷമാണ് കുട്ടിയെ ബീജിങ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ നടത്തിയ എക്സ്-റേ പരിശോധനയിലാണ് സ്വർണക്കട്ടി വയറ്റിൽ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടർമാർ വ്യക്തമാക്കിയത്. ഉയർന്ന സാന്ദ്രതയുള്ള സ്വർണക്കട്ടിയുടെ മിനുസമുള്ള ഉപരിതലം ദഹനനാളത്തിൽ തടഞ്ഞുനിന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് മെഡിക്കൽ സംഘം മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
സ്വർണക്കട്ടി വയറ്റിന്റെ ആന്തരിക പാളിയിൽ മുറിവുകൾ സൃഷ്ടിക്കാനും, അതുവഴി ദഹനനാളത്തിൽ സുഷിരങ്ങൾ രൂപപ്പെടാനും വലിയ തോതിലുള്ള രക്തസ്രാവത്തിനും ഇത് ഇടയാക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിച്ചു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് കുടുംബം പ്രദേശത്തെ നിരവധി പ്രാദേശിക ക്ലിനിക്കുകളിൽ ചികിത്സ തേടിയെങ്കിലും, എവിടെയും എൻഡോസ്കോപ്പിക് സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല.
തുടർന്ന് നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് കുട്ടിയെ ബീജിങ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിക്കാനായത്. തുടർന്ന് നടത്തിയ പരിശോധനകളിൽ ഡോക്ടർമാർ കുട്ടിയെ അടിയന്തര എൻഡോസ്കോപ്പിക് നടപടിക്ക് വിധേയമാക്കുകയും വയറ്റിൽ കുടുങ്ങിയ സ്വർണക്കട്ടി സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.
വയറ്റിനുള്ളിലെ അതീവ പരിമിതമായ സ്ഥലത്താണ് സ്വർണക്കട്ടി കുടുങ്ങിയിരുന്നതെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചെറിയൊരു പിഴവ് പോലും ദഹനനാളത്തിന്റെ ആന്തരിക പാളിക്ക് ഗുരുതരമായ കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

